മ്യൂണിക്കില്‍ വെടിവെയ്പ്; പത്തോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

06:38pm 23/7/2016

Newsimg1_68932276
ബെര്‍ലിന്‍: ജര്‍മനിയിലെ മ്യൂണിക്ക് ഒളിംപിക്‌സ് സ്‌റ്റേഡിയത്തിനു സമീപമുള്ള ഒളിംപ്യ വ്യാപാര സമുച്ചയത്തിലുണ്ടായ വെടിവയ്പില്‍ പത്തോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ നിരവധി പരുക്കേറ്റു. ജര്‍മന്‍ സമയം വൈകിട്ട് ആറോടെയായിരുന്നു ആക്രമണം. ഭീകരാക്രമണമാണെന്നു സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

മൂന്നു പേരാണ് പ്രധാനമായും ആക്രമണത്തിനുണ്ടായിരുന്നതെന്നും പൊലീസ് സൂചിപ്പിച്ചു. തോക്കുകളുമായിട്ടാണ് ഇവര്‍ ഒളിച്ചു കടന്നിരിക്കുന്നത്. അതിനാല്‍ത്തന്നെ പൊതുഗതാഗതം ഉള്‍പ്പെടെ നിര്‍ത്തിവച്ചുകൊണ്ട് പൊലീസ് കനത്ത പരിശോധന ആരംഭിച്ചിരിക്കുകയാണ്.രക്ഷപ്പെട്ട അക്രമികള്‍ സമീപത്തെ മെട്രോ സ്‌റ്റേഷനുകളിലൊന്നിലും വെടിവയ്പു നടത്തിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ ആക്രമികളിലൊരാള്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചതായി പ്രാദേശിക മാധ്യമങ്ങളിലൊന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌­ലാമിക് സ്‌റ്റേറ്റ്(ഐഎസ്) യൂറോപ്പില്‍ വ്യാപിക്കുന്നതില്‍ സന്തോഷം പ്രകടിപ്പിച്ചുള്ള ട്വീറ്റുകളും വന്നു തുടങ്ങിയിട്ടുണ്ട്. ഐഎസ് അനുകൂല സന്ദേശങ്ങള്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്ന അക്കൗണ്ടുകളില്‍ നിന്നാണ് ഈ സന്തോഷ പ്രകടനങ്ങള്‍.

കറുത്ത വസ്ത്രം ധരിച്ച ഒരാള്‍ വെടിയുതിര്‍ക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ അതിനിടെ പുറത്തു വന്നിരുന്നു. തലങ്ങും വിലങ്ങും അക്രമി വെടിയുതിര്‍ക്കുന്നതും പരിഭ്രാന്തരായ ജനം ഓടുന്നതും വിഡിയോയില്‍ വ്യക്തമാണ്. സ്‌പെഷല്‍ ഫോ ഴ്‌സ് ഉള്‍പ്പെടെ പ്രദേശത്ത് ക്യാംപ് ചെയ്യുകയാണ്. അതിര്‍ത്തി രക്ഷാസേനയും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.