യുകെകെസിഎ ക്രിസ്റ്റല്‍ ജൂബിലി; യൂണിറ്റുകള്‍ ആവേശത്തില്‍; റാലിയില്‍ കടുത്ത മത്സരം

03.32 PM 18-05-2016
Ukkca_pic
കവന്‍ട്രി: ജൂണ്‍ 25 ന് കവന്‍ട്രിയിലെ കണക്ഷന്‍സ് സ്‌പോര്‍ട്‌സ് സെന്ററില്‍ നടത്തപ്പെടുന്ന യു കെ കെ സി എ ക്രിസ്റ്റല്‍ ജൂബിലി കണ്‍വെന്‍ഷനെ വരവേല്‍ക്കുവാന്‍ യു കെ കെ സി എ യുടെ അന്‍പത് യൂണിറ്റുകളും സജ്ജമായി. ഒരിടവേളക്ക് ശേഷം റാലി മത്സരം വീണ്ടും സജീവമായതുവഴി ഓരോ യൂണിറ്റും തങ്ങളുടെ പ്രൗഡിയും പ്രതാപവും കാട്ടാനുള്ള പ്രധാന വേദി കൂടിയായി യു കെ കെ സി എ ക്രിസ്റ്റല്‍ ജൂബിലി കണ്‍വെന്‍ഷന്‍. യൂണിറ്റിന്റെ വലുപ്പമനുസരിച്ച് മൂന്നു കാറ്റഗറികളിലായിട്ടാണ് റാലി മത്സരം സംഘടിപ്പിക്കുന്നത്. ഇത്തവണ മുതല്‍ മൂന്നു കാറ്റഗറിക്കും എവര്‍റോളിംഗ് ട്രോഫിയും ക്യാഷ് പ്രൈസും നല്‍കുന്നുണ്ട്.

കൂടാതെ മികച്ച കലാപരിപാടികളും ക്രിസ്റ്റല്‍ ജൂബിലി കണ്‍വെന്‍ഷന്റെ ഭാഗമായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഭക്തി സാന്ദ്രമായ പൊന്തിഫിക്കല്‍ കുര്‍ബ്ബാന വിശ്വാസികള്‍ക്ക് അനുഗ്രഹമായി മാറും. ക്രിസ്റ്റല്‍ ജൂബിലിയോടനുബന്ധിച്ച് ഉപന്യാസ ചിത്ര രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ വിശദ വിവരങ്ങള്‍ സെക്രട്ടറി ജോസി നെടുംതുരുത്തിപുത്തെന്‍പുരയില്‍ എല്ലാ നാഷണല്‍ കൌണ്‍സില്‍ അംഗങ്ങളെയും അറിയിച്ചിട്ടുണ്ട്.

കണ്‍വെന്‍ഷന്‍ വിജയമാക്കുന്നതിന് ബിജു മടക്കക്കുഴി, ജോസി നേടുംതുരുത്തിപുത്തെന്‍പുരയില്‍, ബാബു തോട്ടം, ജോസ് മുഖച്ചിറ, സഖറിയ പുത്തെന്‍കളം, ഫിനില്‍ കളത്തില്‍ക്കോട്ട്, ബെന്നി മാവേലില്‍, റോയി കുന്നേല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.