യുവധാര കോണ്‍ഫറന്‍സ് പതിപ്പിന് മികച്ച പ്രതികരണം

06:32pm 23/7/2016
ബെന്നി പരിമണം
Newsimg1_44570324
ഷിക്കാഗോ: നോര്‍ത്ത് അമേരിക്ക -യൂറോപ്പ് മാര്‍ത്തോമാ യുവജനസഖ്യത്തിന്റെ മുഖപത്രമായ “യുവധാര’യുടെ ഈവര്‍ഷത്തെ ഭദ്രാസന സമ്മേളനത്തോടനുബന്ധിച്ച് പ്രകാശനംചെയ്ത പ്രത്യേക പതിപ്പ് ഏവരുടേയും ശ്രദ്ധയാകര്‍ഷിച്ചു.സമ്മേളന ചിന്താവിഷയമായ “കലുഷിതമായ ലോകത്തില്‍ ക്രിസ്തുവിനെ പുനരവതരിപ്പിക്കുക’ എന്നതിന്റെ ആഴമായ പഠനങ്ങളും, ലേഖനങ്ങളും, കവതികളുമൊക്കെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പുറത്തിറക്കിയ യുവധാര മികച്ച നിലവാരം പുലര്‍ത്തിയതായി സമ്മേളനത്തില്‍ എത്തിച്ചേര്‍ന്ന ഏവരും അഭിപ്രായപ്പെട്ടു.

ഭദ്രാസന സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയില്‍ യുവധാരയുടെ ആദ്യപതിപ്പ് നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധ്യക്ഷന്‍ അഭി.ഡോ. ഐസക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പ, റവ.സി. ജോഷ്വാ അച്ചനില്‍ നിന്നും ഏറ്റുവാങ്ങി പ്രകാശനം നിര്‍വഹിച്ചു. യുവധാര ചീഫ് എഡിറ്റര്‍ അജു മാത്യു, ഭദ്രാസന യുവജനസഖ്യം വൈസ് പ്രസിഡന്റ് റവ. ബിനു ശാമുവേല്‍, സെക്രട്ടറി റെജി ജോസഫ്, ട്രഷറര്‍ മാത്യൂസ് തോമസ്, ഭദ്രാസന അസംബ്ലി അംഗം ലാജി തോമസ് എന്നിവരും യുവധാര എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായ ബെന്നി പരിമണം, ഉമ്മച്ചന്‍ മാത്യു, റോജിഷ് സാം സാമുവേല്‍ എന്നിവരും തദവസരത്തില്‍ വേദിയില്‍ സന്നിഹിതരായിരുന്നു. യുവജനസഖ്യം ഭദ്രാസന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ യുവധാര എഡിറ്റോറിയല്‍ ബോര്‍ഡ് പുറത്തിറക്കുന്ന എട്ടാമത്തെ പതിപ്പാണ് ഈവര്‍ഷത്തെ സമ്മേളനത്തില്‍ പുറത്തിറക്കിയത്. ഇതിന്റെ ഇലക്‌ട്രോണിക് പതിപ്പ് ഭദ്രാസനത്തിലെ എല്ലാ അംഗങ്ങള്‍ക്കും കിട്ടത്തക്ക ക്രമീകരണങ്ങള്‍ ഭദ്രാസന കൗണ്‍സില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വായനയുടെ സുന്ദര നിമിഷങ്ങളെ സമ്മാനിക്കുന്ന കോണ്‍ഫറന്‍സ് യുവധാരയുടെ പതിപ്പിന് അഭി. തിരുമേനി എല്ലാവിധ ആശംസകളും അറിയിക്കുകയും ഇത് സാക്ഷാത്കരിക്കുന്നതില്‍ പ്രയത്‌നിച്ചവരെ അഭിനന്ദിക്കുകയും ചെയ്തു.

യുവധാരയുടെ പതിപ്പുകള്‍ ആവശ്യമുള്ളവര്‍ ബന്ധപ്പെടുക: റെജി ജോസഫ് (സെക്രട്ടറി) 210 647 3836, അജു മാത്യു (ചീഫ് എഡിറ്റര്‍) 214 554 2610.

ഭദ്രാസന മീഡിയാ കമ്മിറ്റിക്കുവേണ്ടി സഖറിയ കോശി അറിയിച്ചതാണിത്.