യുവാവിനെ അടിച്ചുകൊന്ന സംഭവം: പ്രതികള്‍ എല്ലാം പിടിയില്‍

tvm-murder

02/02/2016

തിരുവനന്തപുരം: തിരുവനന്തപുരം വക്കത്ത് പട്ടാപ്പകല്‍ യുവാവിനെ റോഡില്‍ തല്ലിക്കൊന്ന കേസില്‍ എല്ലാ പ്രതികളും പിടിയില്‍. വക്കം ഉടുക്കുവിളാകത്ത് വീട്ടില്‍ പ്രസന്നന്റെ മക്കളായ സന്തോഷ്, സതീഷ്, ഇവരുടെ സുഹൃത്ത് അണയില്‍ ഈച്ചം വിളാകത്ത് കുമാറിന്റെ മകന്‍ കിരണ്‍ എന്നിവരെയാണ് വൈകുന്നേരത്തോടെ കസ്റ്റഡിയില്‍ എടുത്തത്. ആക്രമസംഘത്തിലുള്‍പ്പെട്ട ദൈവപ്പുര ക്ഷേത്രത്തിന് സമീപം വിനായകിനെ ഇന്ന് രാവിലെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

ഞായറാഴ്ച വൈകീട്ടാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. വക്കം തൊപ്പിക്കവിളാകം റെയില്‍വേഗേറ്റിന് സമീപമാണ് മണക്കാട്ട് വീട്ടില്‍ ഷബീറിനെ അടിച്ചുകൊന്നത്. ആക്രമണത്തില്‍ ഷബീറിന് ഒപ്പമുണ്ടായിരുന്ന ഉണ്ണികൃഷ്ണന് സാരമായി പരിക്കേറ്റിരുന്നു. ഇരുവരും സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിര്‍ത്തി ഉണ്ണികൃഷ്ണനെ അടിച്ചു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഷബീറിനെ തടിക്കഷ്ണങ്ങള്‍ ഉപയോഗിച്ച് അടിച്ച് വീഴ്ത്തുകയായിരുന്നു. തുരുതുരെ അടിയേറ്റ് അബോധാവസ്ഥയിലായ ഷബീറിനെ താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.