യുവാവിന്റെ മരണം പൊലീസിന്റെ ക്രൂരമായ മര്‍ദനത്തെത്തുടര്‍ന്നെന്ന് പൊലീസ് കംപ്ലെയ്ന്റ്‌സ് അതോറിറ്റി

12.10 AM 18-05-2016
Justice-Narayana-Kurup
കൊച്ചി: ആത്മഹത്യയെന്ന് എഴുതിതള്ളിയ യുവാവിന്റെ മരണം പൊലീസിന്റെ ക്രൂരമായ മര്‍ദനത്തെത്തുടര്‍ന്നെന്ന് പൊലീസ് കംപ്ലെയ്ന്റ്‌സ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ നാരായണകുറുപ്പ്. നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ് പുതുവന്‍പുത്തന്‍വീട്ടില്‍ ശ്രീജിവ്(27) കസ്റ്റഡിയിലിരിക്കെ വിഷം കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ചുവെന്ന പാറശാല പൊലീസിന്റെ വാദം പച്ചക്കള്ളമാണെന്നും മര്‍ദനത്തെത്തുടര്‍ന്നാണ് മരണമെന്നും കണ്ടെത്തിയതായി ജസ്റ്റിസ് നാരായണകുറുപ്പ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊല്ലപ്പെട്ട ശ്രീജിവിന്റെ കുടുംബത്തിന് പത്ത്‌ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും സംഭവത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ്തല നടപടിയെടുക്കണമെന്നും ജസ്റ്റിസ് ആവശ്യപ്പെട്ടു.
സംഭവത്തില്‍ പാറശ്ശാല സിഐയായിരുന്ന ഗോപകുമാര്‍, എഎസ്‌ഐ ഫിലിപ്പോസ് എന്നിവര്‍ക്ക് ശ്രീജിവിന്റെ മരണത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് അതോറിറ്റി കണ്ടെത്തി. മാത്രമല്ല, ശ്രീജീവ് ഫ്യൂരഡാന്‍ കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന നാടകവും കളിച്ചു. സീനിയര്‍ സിപിഒ പ്രതാപചന്ദ്രന്‍, എഎസ്‌ഐ വിജയദാസ് എന്നിവരും ഇവരുടെ പ്രവര്‍ത്തികള്‍ക്ക് കൂട്ടുനിന്നു. എസ്‌ഐ ഡി ബിജുവും വ്യാജ രേഖകളുണ്ടാക്കാന്‍ സഹായിച്ചു. ഇവര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം നടത്തണമെന്നും കൊലപാതകത്തിന് കേസെടുക്കണമെന്നും ജസ്റ്റിസ് നാരായണകുറുപ്പ് നിര്‍ദേശിച്ചു.