യു.എസ്‌. കോണ്‍ഗ്രസിലേക്ക്‌ മത്സരിക്കാന്‍ മലയാളിയും

7:50am 16/5/2016
download
വാഷിങ്‌ടണ്‍: യു.എസ്‌. കോണ്‍ഗ്രസിലേക്കു മത്സരിക്കാന്‍ മലയാളി വംശജയും. വാഷിങ്‌ടണിലെ ഏഴാമത്‌ ഡിസ്‌ട്രിക്‌റ്റ്‌ സീറ്റിലാണ്‌ മലയാളി വംശജ പ്രമീള ജയ്‌പാല്‍ മത്സരിക്കുന്നത്‌.
യു.എസ്‌. കോണ്‍ഗ്രസിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വംശജയെന്ന ഖ്യാതിയാണ്‌ ഡെമോക്രാറ്റിക്‌ സ്‌ഥാനാര്‍ഥിയായ പ്രമീള ജയ്‌പാലിന്റെ കൈയെത്തും ദൂരത്തുള്ളത്‌.
യു.എസിലാകെ ഡെമോക്രാറ്റിക്‌ പാര്‍ട്ടിക്ക്‌ മൂന്ന്‌ വനിതാ സ്‌ഥാനാര്‍ഥികളാണുള്ളത്‌. 2015 ജനുവരി 12 മുതല്‍ വാഷിങ്‌ടണ്‍ സ്‌റ്റേറ്റ്‌ സെനറ്റില്‍ അംഗമാണ്‌. സിയാറ്റില്‍ ആസ്‌ഥാനമായ മനുഷ്യാവകാശ സംഘടനയുടെ പ്രമുഖ പ്രവര്‍ത്തകയുമായിരുന്നു. വണ്‍അമേരിക്ക എന്ന അമേരിക്കന്‍ ഇന്ത്യക്കാര്‍ക്കു വേണ്ടിയുള്ള സന്നദ്ധ സംഘടനയുടെ സ്‌ഥാപക നേതാവുമാണ്‌. ജിം മക്‌ഡെര്‍മോട്ട്‌ വിരമിച്ചതിനെ തുടര്‍ന്നാണ്‌ പ്രമീള ജയ്‌പാല്‍ കോണ്‍ഗ്രസിലേക്കു മത്സരിക്കുമെന്നു പ്രഖ്യാപിച്ചത്‌. ചെന്നൈയിലാണു ജനിച്ചതെങ്കിലും ഇന്തോനീഷ്യ, സിംഗപ്പുര്‍ എന്നിവിടങ്ങളിലായിരുന്നു പ്രമീള ജയ്‌പാല്‍ വളര്‍ന്നത്‌. 1982 ലാണ്‌ യു.എസിലെത്തിയത്‌.
വാഷിങ്‌ടണിലെ ജോര്‍ജ്‌ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു ബിരുദം നേടുകയായിരുന്നു ലക്ഷ്യം. പിന്നീട്‌ ഷിക്കാഗോയിലെ നോര്‍ത്ത്‌വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന്‌ എം.ബി.എ. കരസ്‌ഥമാക്കി.
2000 ത്തിലാണ്‌ യു.എസ്‌. പൗരത്വം സ്വീകരിച്ചത്‌. ‘പില്‍ഗ്രിമേജ്‌: വണ്‍ വുമെണ്‍സ്‌ റിട്ടേണ്‍ ടു എ ചെയ്‌ഞ്ചിങ്‌ ഇന്ത്യ’ എന്ന പുസ്‌തകത്തിന്റെ കര്‍ത്താവാണ്‌. സിയാറ്റിലില്‍ ഭര്‍ത്താവ്‌ സ്‌റ്റീവ്‌ വില്യംസണ്‍, മകന്‍ ജാനക്‌ പ്രീസ്‌റ്റണ്‍ എന്നിവര്‍ക്കൊപ്പമാണു താമസം.