യു.എസ് പ്രസിഡന്‍റാവാൻ ഹിലരിയേക്കാൾ യോഗ്യരായവരില്ല -ഒബാമ

12:48pm 28/07/2016
download
ഫിലാഡൽഫിയ: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാർഥി ഹിലരി ക്ലിന്‍റനെ അനുകൂലിച്ചും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെ കടുത്ത ഭാഷയിൽ വിമർശിച്ചും പ്രസിഡന്‍റ് ബറാക് ഒബാമ. യു.എസ് പ്രസിഡന്‍റാവാൻ ഹിലരി ക്ലിന്‍റനേക്കാൾ യോഗ്യരായവരില്ലെന്ന് ഒബാമ പറഞ്ഞു. തന്നേക്കാളും ബിൽ ക്ലിന്‍റനെക്കാളും യോഗ്യത ഹിലരിക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിലരിയെ പിന്തുണച്ചുകൊണ്ട് ഫിലാഡല്‍ഫിയില്‍ നടന്ന ഡെമോക്രാറ്റിക് ദേശീയ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കയുടെ ഭാവിയെ കുറിച്ച് തനിക്ക് ശുഭാപ്തി വിശ്വാസമാണുള്ളത്. ലോകം ബഹുമാനിക്കുന്ന നേതാവാണ് ഹിലരി. ഇസ്ലാമിക് സ്‌റ്റേറ്റിനെ തുടച്ചുനീക്കാന്‍ ഹിലരിക്ക് കഴിയും. അമേരിക്കന്‍ പ്രസിഡന്‍റ് ആകാന്‍ യോഗ്യയാണ് ഹിലരിയെന്നും ഒബാമ കൂട്ടിച്ചേർത്തു.

അമേരിക്ക ഇപ്പോൾ തന്നെ വളരെ ശക്തമായ രാജ്യമാണ്. രാജ്യത്തെ ശക്തമാക്കുന്നതിനായി ഇനി ട്രംപിനെ ആശ്രയിക്കേണ്ടതില്ല. അമേരിക്കന്‍ സൈന്യത്തെ ‘ദുരന്ത’മെന്നാണ് ട്രംപ് വിളിച്ചത്. രാജ്യത്തിന് വേണ്ടി പോരാടുന്ന സ്ത്രീകളെയും പുരുഷൻമാരെയും കുറിച്ച് അദ്ദേഹത്തിന് അറിയില്ലെങ്കിലും ലോകത്തിനറിയാം. ട്രംപ് പറയുന്നത് രാജ്യം ദുർബലമാണെന്നാണ്. എന്നാൽ സ്വതന്ത്യത്തിന്‍റെ വെളിച്ചം തേടി അമേരിക്കയിലേക്ക് ദശലക്ഷക്കണക്കിനാളുകൾ അഭയം തേടി വന്നതിനെ കുറിച്ച് ട്രംപ് കേട്ടിട്ടുണ്ടാവില്ലെന്നും ഒബാമ ചൂണ്ടിക്കാട്ടി.

അമേരിക്കൻ സൈന്യത്തെക്കുറിച്ച് ട്രംപിന് ഒന്നുമറിയില്ല. മുദ്രാവാക്യം മുഴക്കി ഭയം വിതക്കാനാണ് അദ്ദേഹത്തിന്‍റെ ശ്രമം. ട്രംപ് തെരഞ്ഞെടുപ്പില്‍ ജയിക്കില്ല, കാരണം അദ്ദേഹം അമേരിക്കയെ തുണ്ടംതുണ്ടമായി വില്‍ക്കുകയാണ്. ട്രംപ് ഒരു വ്യവസായിയെ പോലെ തന്നെയാണ് പെരുമാറുന്നതെന്നും ഒബാമ ആരോപിച്ചു.

ഹൃദയശൂന്യതയും ഭയവും തള്ളിക്കളഞ്ഞ് ഹിലരി ക്ലിന്‍റനെ പ്രസിഡന്‍റായി തെരഞ്ഞെടുക്കൂ. തന്നോടൊപ്പം ഈ യാത്രയിൽ പങ്കാളികളായവർക്ക് നന്ദി അറിയിക്കുന്നുവെന്നും പറഞ്ഞാണ് ഒബാമ പ്രസംഗം അവസാനിപ്പിച്ചത്.

യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഒൗദ്യോഗിക സ്ഥാനാര്‍ഥിയായി ഹിലരി ക്ലിന്‍റനെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. നവംബര്‍ എട്ടിനാണ് യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്.