യു.എ.ഇയില്‍ അനധികൃത ധനശേഖരണം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ

06.09 AM 01-09-2016
jail_bengaluru_760x400
യു.എ.ഇയില്‍ അനധികൃത ധനശേഖരണം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. തടവും അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയുമാണ് നിയമ ലംഘകര്‍ക്കുള്ള ശിക്ഷ.
വ്യക്തികളോ സ്ഥാപനങ്ങളോ സംഘടനകളോ അനധികൃതമായി ഫണ്ട് പിരിക്കരുതെന്നാണ് യു.എ.ഇ ഇസ്ലാമിക് അഫയേഴ്‌സ് ആന്റ് ചാരിറ്റബിള്‍ ആക്ടീവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിര്‍ദേശം. യു.എ.ഇ ചാരിറ്റിയുടെ അംഗീകാരത്തോടെ മാത്രമേ ധനശേഖരണം നടത്താവൂ. അനുമതി ഇല്ലാതെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റേയോ മറ്റേതെങ്കിലും പ്രവര്‍ത്തനങ്ങളുടേയോ പേരില്‍ ധനശേഖരണം നടത്തിയാല്‍ ശക്തമായ നടപടിയുണ്ടാവും.
നിയമ ലംഘകര്‍ക്ക് രണ്ട് മാസം മുതല്‍ ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. കൂടാതെ ഒരു ലക്ഷം ദിര്‍ഹം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴ ശിക്ഷയും ഉണ്ടാകും.
യു.എ.ഇയില്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാത്ത ഒരു സംഘടനയുടെ പേരിലും പണപ്പിരിവ് അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പണപ്പിരിവിന് മുമ്പ് ഔദ്യോഗികമായി അനുമതി വാങ്ങുകയും വേണം.
അനധികൃതമായി ധനശേഖരണം നടത്തിയ ബ്രിട്ടീഷ് പൗരനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു സംഘടനയുടെ പേരിലായിരുന്നു പണപ്പിരിവ്.