യു.ഡി.എഫിന്റെ പ്രകടനപത്രിക വായിച്ചാല്‍ ചിരിച്ച് ചിരിച്ച് ചാകും: വി.എസ്

12:04pm 21/04/2016
Achuthanandan_1603680f
കണ്ണൂര്‍: വിവാദങ്ങള്‍ക്കിടെ പിണറായി വിജയന് വോട്ടുചോദിച്ച് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ധര്‍മ്മടത്ത് എത്തി. ചക്കരക്കല്ലിലാണ് വി.എസ് കണ്ണൂര്‍ ജില്ലയിലെ പര്യടനം ആരംഭിച്ചത്. പിണറായി വിജയനെ അഭിമാനകരമായ ഭൂരിപക്ഷം നല്‍കി വിജയിപ്പിക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു. പ്രസംഗത്തില്‍ യു.ഡി.എഫ് സര്‍ക്കാറിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. മന്ത്രിമാര്‍ക്കെതിരെയുള്ള കേസുകള്‍ എണ്ണിപ്പറഞ്ഞായിരുന്നു വി.എസിന്റെ വിമര്‍ശം.

മന്ത്രിമാര്‍ക്കെതിരെ മൊത്തം 136 കേസുകളാണുള്ളതെന്ന് വി.എസ് പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കെതിരെ 31 കേസുകളുണ്ട്. മന്ത്രിസഭയില്‍ കേസില്ലാത്തത് വനിതാ മന്ത്രിക്ക് (പി.കെ ജയലക്ഷ്മി) മാത്രമാണ്. ബാക്കിയെല്ലാവരും അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. ഈ ഭരണത്തിന് തുടര്‍ച്ച നല്‍കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. യു.ഡി.എഫിന്റെ പ്രകടനപത്രിക വായിച്ചാല്‍ ചിരിച്ച് മണ്ണുകപ്പുമെന്നും വി.എസ് പരിഹസിച്ചു.

വി.എസിനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ച പ്രമേയം നിലനില്‍ക്കുന്നുവെന്ന് പിണറായി വിജയന്‍ ഇന്നലെ പറഞ്ഞത് വാര്‍ത്തയായിരുന്നു. മാധ്യമങ്ങള്‍ താന്‍ പറഞ്ഞത് ശരിയായ രീതിയിലല്ല അവതരിപ്പിച്ചതെന്ന് പറഞ്ഞ് പിണറായി പിന്നീട് രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് പിണറായിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വി.എസ് എത്തിയത്.