യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി

02:09pm 20/4/2016

download
തിരുവനന്തപുരം: മദ്യനയത്തില്‍ കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുമെന്ന വാഗ്ദാനവുമായി യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി. ഘട്ടംഘട്ടമായി 10 വര്‍ഷം കൊണ്ട് കേരളം സമ്പൂര്‍ണ മദ്യവിമുക്ത സംസ്ഥാനമാക്കുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു. പഞ്ചനക്ഷത്ര ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് കര്‍ശന വ്യവസ്ഥകള്‍ക്ക് വിധേയമാക്കും. ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ പദവി ഉയര്‍ത്തി ഫൈവ് സ്റ്റാര്‍ ആക്കിയാലും ലൈസന്‍സ് നല്‍കില്ല. ഫൈവ് സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ കേന്ദ്രം നല്‍കിയാലും ചില വ്യവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തും. ഈ സര്‍ക്കാര്‍ ഇനി ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കില്ലെന്നും പ്രകടന പത്രിക പുറത്തിറക്കി മുഖ്യമന്ത്രി വ്യക്തമാക്കി.

സര്‍ക്കാരിന്റെ മദ്യനയം കുറ്റമറ്റതായിരിക്കണമെന്ന് യു.ഡി.എഫിന് നിര്‍ബന്ധമുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കിയതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നു. നേരത്തെ നിശ്ചയിച്ച മദ്യനയത്തിന്റെ ഭാഗമായാണ് അനുമതി നല്‍കിയത്. മദ്യ നയത്തില്‍ മുന്നോട്ട് വെച്ച കാല്‍ പുറകോട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഭവന രഹിതര്‍ക്ക് അഞ്ച് വര്‍ഷം കൊണ്ട് വീട് വെച്ചു നല്‍കും. എല്ലാവര്‍ക്കും പാര്‍പ്പിടം, ഭക്ഷണം, ആരോഗ്യം, സ്വയം തൊഴില്‍ സംരംഭങ്ങള്‍ എന്നിവയും പത്രികയിലെ വാഗ്ദാനങ്ങളാണ്. തമിഴ്‌നാട്ടിലെ ‘അമ്മ മീല്‍സി’ന്റെ ചുവടുപിടിച്ച് ഇടത്തരക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും കുറഞ്ഞ വിലക്ക് ഉച്ചഭക്ഷണപദ്ധതി ഏര്‍പ്പാടാക്കും. കുടംബശ്രീ പോലെയുള്ള സംഘടനകളുടെ സഹായം ഇതിനായി തേടും.

കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കാന്‍ കൃഷിനിധി പദ്ധതി നടപ്പാക്കും. കാര്‍ഷിക വായ്പക്ക് പലിശ ഇളവ് നല്‍കും. സ്ത്രീ സുരക്ഷക്ക് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. സര്‍ക്കാര്‍ സര്‍വീസിലെ അഴിമതിയും കൈക്കൂലിയും നിയന്ത്രിക്കും. സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ വിപുലീകരിക്കുകയും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യും. വിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയര്‍ത്തും. ഓപറേഷന്‍ കുബേര ശക്തമാക്കും. കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തമാക്കുന്ന പദ്ധതി കൃഷിമേഖലയില്‍ അഞ്ചുവര്‍ഷം കൊണ്ടു നടപ്പാക്കുമെന്നും പത്രിക വാഗ്ദാനം ചെയ്യുന്നു.

യാചകര്‍ക്കും അലഞ്ഞുതിരിഞ്ഞു നടക്കുന്നവര്‍ക്കും പഞ്ചായത്തുകള്‍ മുഖേന ഒരു നേരത്തെ സൗജന്യഭക്ഷണം നല്‍കും. മലപ്പുറത്തും കോട്ടയത്തും നടപ്പാക്കിയ ‘വിശപ്പിനോടു വിട’ പദ്ധതിയുടെ ചുവടുപിടിച്ചായിരിക്കും ഇത് നടപ്പാക്കുക. പഞ്ചായത്തുകളില്‍ നിന്നാണ് ഇതിനുള്ള കൂപ്പണുകള്‍ ലഭ്യമാക്കുക. ആരോഗ്യ ഇന്‍ഷുറന്‍സ് എല്ലാവര്‍ക്കും ഏര്‍പ്പെടുത്തും. വിവിധ ഇന്‍ഷുറന്‍സ് കമ്പനികളും സ്ഥാപനങ്ങളും ചേര്‍ന്നുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി സര്‍ക്കാരും കൈകോര്‍ക്കും. വിദേശരാജ്യങ്ങളിലെ ഇന്‍ഷൂറന്‍സ് പദ്ധതികളുടെ മാതൃക പിന്തുടര്‍ന്നായിരിക്കും ഇത് നടപ്പിലാക്കുകയെന്നും പത്രികയില്‍ പറയുന്നു.