യു.ഡി.എഫ് സ്ഥനാര്‍ത്ഥിയുടെ പേര് ബാലറ്റ് പേപ്പറില്‍ അച്ചടിച്ചതില്‍ പിശക്ക്

12:40pm 12/5/2016
images (1)

കോഴിക്കോട്: ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി യു.സി രാമന്റെ പേര് ബാലറ്റ് പേപ്പറില്‍ രേഖപ്പെടുത്തിയതില്‍ പിശകുപറ്റിയതായി പരാതി. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായ യു.സി രാമന്‍ എന്നത് യു.സി രാമന്‍ പടനിലം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശരിയായ പേരാണ് നാമനിര്‍ദ്ദേശ പത്രികയില്‍ നല്‍കിയതെങ്കിലും പോസ്റ്റല്‍ ബാലറ്റ് പേപ്പറില്‍ യു.സി രാമന്‍ പടനിലം എന്നാണ് അടിച്ചുവന്നതെന്നും ജില്ലാ കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
എന്നാല്‍ സ്ഥാനാര്‍ത്ഥിയോട് ആലോചിച്ചശേഷമാണ് ഇങ്ങനെ നല്‍കിയതെന്നും ബാലറ്റ് പേപ്പറിലെ പേര് ഇനി മാറ്റാന്‍ കഴിയില്ലെന്നും വരണാധികാരിയായ ഡെപ്യൂട്ടി വിജിലന്‍സ് കലക്ടര്‍ അറിയിച്ചു. ഇതേതുടര്‍ന്ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ വരണാധികാരിയുമായി വാക്കുതര്‍ക്കമുണ്ടായി. അപരന്‍ മത്സരിക്കുന്നുവെന്നത് വരണാധികാരിയുടെ മുന്നിലില്ല. എല്ലാവരും സ്ഥാനാര്‍ത്ഥികളാണെന്നും വരണാധികാരി അറിയിച്ചു.
രാമന്‍ തച്ചംപൊയില്‍ മീത്തല്‍ എന്ന പേരില്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി അപരനായി രംഗത്തുണ്ട്. ഇത് കാരണം രണ്ട് പേരുകളും തെറ്റിപ്പോകാന്‍ സാധ്യതയുണ്ടെന്നാണ് യു.ഡി.എഫിന്റെ പരാതി.
ഇതോടൊപ്പം ബാലുശ്ശേരി മണ്ഡലത്തില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പുരുഷന്‍ കടലുണ്ടിയുടെ ചിരിക്കുന്ന ചിത്രം ബാലറ്റ് പേപ്പറില്‍ നല്‍കിയെന്നും പരാതിയിലുണ്ട്. ഭാവവ്യത്യാസങ്ങളില്ലാത്ത ചിത്രമായിരിക്കണം ബാലറ്റ് പേപ്പറില്‍ അച്ചടിക്കാനായി നല്‍കേണ്ടതെന്നിരിക്കെ ചിരിക്കുന്ന ചിത്രം നല്‍കിയത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും യു. സി രാമന്‍ പരാതിയില്‍ ആരോപിക്കുന്നു.