യൂറോ പ്രീക്വാര്‍ട്ടറിലെ ആദ്യ ജയം പോളണ്ടിന്

07:59am 26/6/2016

images

പാരിസ്: ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെ തോല്‍പിച്ച് പോളണ്ടും സെല്‍ഫ് ഗോളിന്റെ ബലത്തില്‍ വടക്കന്‍ അയര്‍ലന്‍ഡിനെ തോല്‍പിച്ച് വെയില്‍സും ചരിത്രത്തിലാദ്യമായി യൂറോ കപ്പിന്റെ ക്വാര്‍ട്ടറിലത്തെി.
പ്രീക്വാര്‍ട്ടറില്‍ കന്നിപോരിനിറങ്ങിയ രണ്ടു ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം പോളണ്ടിനൊപ്പം നിന്നു. ഒരു ഗോളിന്റെ സമനില തെറ്റാതെ ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തില്‍ അഞ്ചു കിക്കും വലയിലാക്കി സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ പോളണ്ട് ക്വാര്‍ട്ടര്‍ ചരിത്രം കുറിച്ചു (സ്‌കോര്‍ 54).
പോളണ്ട് ആധിപത്യം പുലര്‍ത്തിയ ആദ്യ പകുതിയുടെ 39ാം മിനിറ്റിലാണ് ആദ്യ ഗോളത്തെിയത്. ഇടതുവിങ്ങിലൂടെ ഗ്രോസിക്കി നടത്തിയ മുന്നേറ്റത്തിനൊടുവില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന കുബാ ബ്‌ളാസ്‌കിയോവ്‌സ്‌കി ലക്ഷ്യം തേടി നിറയൊഴിച്ചു. 82ാം മിനിറ്റില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ രക്ഷകനായി ഷാകിരി അവതരിച്ചു. ഡെര്‍ഡിയോക്കിന്റെ പാസില്‍ മലക്കംമറിഞ്ഞ ഷാക്കിരിയുടെ സിസര്‍കട്ട് പോളണ്ട് പ്രതിരോധത്തെ കാഴ്ചക്കാരാക്കി പോസ്റ്റില്‍തട്ടി വലക്കകത്തേക്ക് കടന്നു. ഈ ടൂര്‍ണമെന്റില്‍ പോളണ്ടിന്റെ ഗോള്‍വര കടക്കുന്ന ആദ്യ ബാളായി ഷാക്കിരിയുടെ ഷോട്ട്.
ഇഞ്ചോടിഞ്ച് നീണ്ട ഷൂട്ടൗട്ടില്‍ ഗ്രാനിത് ഷാക്കയായിരുന്നു ഇരു ടീമുകള്‍ക്കുമിടയിലെ വ്യത്യാസം. ആദ്യ കിക്കെടുത്ത ലിച്ചെസ്‌റ്റെയ്‌നറും ലെവന്‍ഡോവ്‌സ്‌കിയും ഇരു ടീമുകള്‍ക്കും വേണ്ടി ലക്ഷ്യത്തിലത്തെി. തുടര്‍ന്നായിരുന്നു ഷാക്കയുടെ ‘സിക്‌സര്‍’. ഷാക്കയുടെ ഇടങ്കാലന്‍ ഷോട്ട് പോസ്റ്റില്‍നിന്നും മീറ്ററുകള്‍ അകന്ന് കാണികളെ ലക്ഷ്യമാക്കി പാഞ്ഞു. അടുത്ത കിക്കെടുത്ത മിലിക്കിന്റെ ഷോട്ട് സ്വിസ് ഗോളിയുടെ ഗ്‌ളൗവില്‍ ഉരുമി വലയിലത്തെി. ഷാക്കിരിയും ഷാറും റോഡ്രിഗസും സ്വിസ് നിരയില്‍ ലക്ഷ്യം കണ്ടെങ്കിലും ജിലിക്കിന്റെയും ബ്‌ളാസ്‌കിയോവിസ്‌കിയുടെയും െ്രെകചോവിയാക്കിന്റെയും ഷോട്ടുകള്‍ക്ക് തടയിടാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഗോളിക്കായില്ല.