യെമനില്‍ ആശുപത്രിയ്ക്കു നേരെ വ്യോമാക്രമണം; നിരവധിപ്പേര്‍ കൊല്ലപ്പെട്ടു

12:22 pm 16/8/2016
download (1)
സനാ: വടക്കന്‍ യെമനിലെ ഹജ്ജാ പ്രവിശ്യയില്‍ ആശുപത്രിയ്ക്കു നേരെ സൗദി സഖ്യം നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. ജീവകാരുണ്യ സംഘടനയായ മെഡിസിന്‍സ് സാന്‍സ് ഫ്രണ്ടിയേഴ്‌സ്(എംഎസ്എന്‍) നടത്തുന്ന ആശുപത്രിക്കു നേരെയാണ് വ്യോമാക്രമണം ഉണ്ടായത്. നിരവധിപ്പേര്‍ക്കു പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

എത്രപേര്‍ക്കു ജീവഹാനിസംഭവിച്ചു എന്നതു സംബന്ധിച്ച് കൃത്യമായ വിവരം പുറത്തു വന്നിട്ടില്ല. എന്നാല്‍ ആറു പേരാണ് ആക്രമണത്തില്‍ മരിച്ചതെന്ന് സാബാ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രി കെട്ടിടം പൂര്‍ണമായി തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, സംഭവത്തോട് സൗദി സഖ്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.

ശനിയാഴ്ച വടക്കന്‍ യെമനിലെ സാദ മേഖലയിലെ ഗ്രാമീണ സ്‌കൂളില്‍ സൗദി സഖ്യം നടത്തിയ വ്യോമാക്രമണത്തില്‍ പത്തുകുട്ടികള്‍ കൊല്ലപ്പെടുകയും 28പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രണ്്ടു വര്‍ഷം മുമ്പ് യെമനില്‍ ആഭ്യന്തരസംഘര്‍ഷം ആരംഭിച്ചശേഷം 6400ല്‍ അധികംപേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 20 ലക്ഷത്തിലധികംപേര്‍ രാജ്യത്തെ അരക്ഷിതാവസ്ഥയില്‍ ഭവനരഹിതരായി.