യോഗയിലൂടെ ഓര്‍മ്മശക്തി വീണ്ടു എടുക്കാം

09:05am 29/4/2016
download (5)
ആരോഗ്യപൂര്‍ണമായ ജീവിതം നയിക്കുവാനും മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനും ഇന്ന് രൂപം കൊണ്ടതില്‍ വച്ച് ഏറ്റവും ഫലപ്രദവും ലളിതവും സുഗമവുമായ മാര്‍ഗമാണ് യോഗവിദ്യ. രോഗമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും പരിശീലിക്കാവുന്നതാണ് യോഗാസനങ്ങള്‍.
കുട്ടിക്കാലത്ത് തുടങ്ങാം
സ്‌കൂള്‍ പഠന കാലത്തുതന്നെ യോഗാപരിശീലനം നേടാന്‍ സാധിച്ചാല്‍ നന്ന്. പഠനത്തില്‍ ഏകാഗ്രത വര്‍ധിക്കുന്നതിനും വ്യക്തിത്വവികസനത്തിനും യോഗ സഹായിക്കും. അതിലൂടെ സര്‍വതോന്മുഖമായ പുരോഗതി കൈവരിക്കാനുമാവും.
ആരോഗ്യപൂര്‍ണമായ ജീവിതം നയിക്കുന്നതിന് ആസനങ്ങള്‍, പ്രാണായാമം, ശവാസനം അഥവാ യോഗനിദ്ര എന്നിവ പരിശീലിക്കേണ്ടതാണ്. ഏതുപ്രായക്കാര്‍ക്കും സാധാരണ ചെയ്യാവുന്ന ആസനങ്ങളാണ് നിന്നുകൊണ്ട് ചെയ്യാവുന്ന താഡാസനം, സ്‌കന്ദചലനം, ഘടിചലനം, വീരഭദ്രാസനം, പാര്‍ശ്വത്രികോണാസനം, പാദഹസ്താസനം എന്നിവ. സൂര്യനമസ്‌കാരവും നിത്യജീവിതത്തില്‍ വളേെരയറെ പ്രയോജനകരമാണ്.
ആസനങ്ങള്‍ പലവിധം
മലര്‍ന്നുകിടന്നുകൊണ്ട് ചെയ്യാവുന്ന ആസനങ്ങളില്‍ ചിലതാണ് ഏകപാദ ഉത്ഥാസനം, പവനമുക്താസനം, ദ്വിപാദ ഉത്ഥാസനം എന്നിവ. കമിഴ്ന്ന് കിടന്ന് ചെയ്യാവുന്ന ആസനങ്ങളാണ് ഭുജംഗാസനം, ശലഭാസനം, ധനുരാസനം, നൗകാസനം എന്നിവ.
ആസനങ്ങളോടനുബന്ധിച്ച് പ്രാണായാമവും പരിശീലിക്കേണ്ടതാണ്. പ്രാണായാമ പരിശീലനവും വളരെയേറെ ഗുണപ്രദമാണ്.
പ്രാണായാമ പരിശീലനവും ശ്വാസകോശത്തെ ആരോഗ്യദൃഢമാക്കുന്നതിനു പുറമെ നമ്മില്‍ അന്തലീനമായി പ്രാണശക്തിയെ ഉത്തേജിപ്പിച്ച് അതുവഴി മിക്ക രോഗങ്ങളെയും തടയുവാനുള്ള ശക്തി ശരീരത്തിനു നല്‍കുകയും ചെയ്യുന്നു.
പ്രാണായാമ പരിശീലനം നമ്മുടെ മനസിനെ ശാന്തമാക്കുന്നു. ഏകാഗ്രമാക്കുന്നു. ഏത് ജോലിയും ഭംഗിയായും കൃത്യമായും ചെയ്യുന്നതിനുള്ള കഴിവും നല്‍കുന്നു. പ്രാണായാമ പരിശീലനം വഴി തലച്ചോറിലെ ഉറങ്ങിക്കിടക്കുന്ന സെല്ലുകളെക്കൂടി പ്രവര്‍ത്തനക്ഷമമാക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകിച്ചും ഇത് വളരെ ഗുണകരമാണ്.
മനസ് ശാന്തമാക്കാം
സംഘര്‍ഷഭരിതമായ മനസിനെ നിയന്ത്രിക്കുവാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗമാണ് യോഗയിലെ ശവാസനവും ധ്യാനവും. ശരീരത്തിനും മനസിനും ഇത്രയധികം വിശ്രമം നല്‍കുന്ന മറ്റൊരു മാര്‍ഗം ഇല്ലെന്നുതന്നെ പറയാം.
ശവാസന പരിശീലനം പേശികളെ പൂര്‍ണമായും വിശ്രമാവസ്ഥയിലെത്തിച്ച് തലച്ചോറില്‍ നിന്നും ബഹിര്‍ഗമിക്കുന്ന വൈദ്യുത തരംഗങ്ങളില്‍ പ്രകടമായ മാലിന്യങ്ങളെ പൂര്‍ണമായും ശുദ്ധീകരിച്ച് ശാന്തമായ അവസ്ഥ സംജാതമാക്കുന്നു. ഇത് ഏകാഗ്രത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. നമ്മുടെ ഉപബോധ മനസിനെ ശുദ്ധീകരിക്കുന്നു.
ധ്യാനപരിശീലത്തിലൂടെ വ്യക്തിയുടെ അന്തര്‍ലീനമായ ചൈതന്യം തൊട്ടുണര്‍ത്താം. മനസിനെ നിയന്ത്രണത്തിലെത്തിക്കാനും സാധിക്കുന്നു. ഏതൊരു പരിതസ്ഥിതിയെയും നേരിടാനുള്ള കഴിവ് ആര്‍ജിക്കാന്‍ യോഗ പരിശീലനം സഹായിക്കുന്നു.
എല്ലാവര്‍ക്കും യോഗ
സഹജീവികളോട് സ്‌നേഹത്തോടെ പെരുമാറാനും കളങ്കമില്ലാത്ത ശാന്തവും സുന്ദരവുമായ ജീവിതം നയിക്കുന്നതിനും ആരോഗ്യപൂര്‍ണമായ ജീവിതം പ്രാപ്തമാക്കുന്നതിനും ക്രാന്തദര്‍ശികളായ യോഗിപുംഗവര്‍ ലോകത്തിനു നല്‍കിയ അമൂല്യസമ്പത്തായ യോഗവിദ്യയുടെ സന്ദേശം എല്ലാവരിലും എത്തേണ്ടതുണ്ട്.
പ്രാണന്റെ വ്യാപാരത്തിനനുസരിച്ച് പ്രാണന്‍, അപാനന്‍, സമാനന്‍, വ്യാനന്‍, ഉദാനന്‍ എന്നീ അഞ്ചു വകഭേദങ്ങളായി തിരിച്ചിരിക്കുന്നു. അഞ്ചുതരം പ്രാണന്‍ നമ്മുടെ ശരീരത്തിലെ വ്യത്യസ്ത അവയവങ്ങളെ നിയന്ത്രിക്കുന്നു. പ്രാണനിലുള്ള അസന്തുലിതമായ അവസ്ഥ രോഗത്തിനു കാരണമാകുന്നു.
ഒരു മനുഷ്യന്‍ എന്നത് ബാഹ്യമായ ശരീരം മാത്രമല്ല, ബാഹ്യമായ ശരീരത്തെ അന്നമയകോശമെന്നും പ്രാണതലത്തിലുള്ള അവസ്ഥയെ പ്രാണമയകോശമെന്നും മനസിന്റെ തലത്തെ മനോമയകോശമെന്നും ബുദ്ധിയുടെ തലത്തെ വിജ്ഞാനമയകോശമെന്നും പറയുന്നു. ഇതിനെല്ലാം സൂക്ഷ്മമായ അവസ്ഥയെ ആനന്ദമയകോശമെന്നും പറയുന്നു.