രക്തദൗര്‍ലഭ്യം­: രക്തദാനത്തിന് റെഡ്‌­ക്രോസ്സിന്റെ ആഹ്വാനം

12:38pm 28/7/2016

പി.പി ചെറിയാന്‍
unnamed (2)
ടെക്‌­സസ്: അടിയന്തിര ഘട്ടങ്ങളില്‍ രോഗികളുടെ ജീവന്‍ നിലനിര്‍ത്തുന്നതിനുപകരിക്കുന്ന രക്തത്തിന്റെ ദൗര്‍ലഭ്യം അതിരൂക്ഷമായിരിക്കുന്നതായി റെഡ് ക്രോസ് അറിയിച്ചു.

രക്ത ബാങ്കുകളില്‍ രക്തം ദാനം ചെയ്യുന്നതിന് വ്യക്തികളും സാമൂഹ്യ­സേവന സംഘടനകളും മുന്നോട്ടു വരണമെന്ന് അമേരിക്കന്‍ റെഡ് ക്രോസ് ഇന്ന്(ജൂലൈ 26 തിങ്കള്‍) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അഞ്ചു ദിവസത്തേക്ക് ആവശ്യമായ രക്തം മാത്രമാണ് ഇപ്പോല്‍ രക്ത ബാങ്കുകളില്‍ ശേഷിക്കുന്നതെന്നും, ആശുപത്രികളിലേക്ക് നല്‍കുന്ന രക്തത്തിന്റെ അളവിനനപാതമായി രക്തം ദാനം ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിക്കാത്തതാണ് രക്തത്തിന്റെ ദൗര്‍ലഭ്യത്തിന് കാരണമായതെന്നും പ്രസ്താവനയില്‍ പറയുന്നു.

വേനല്‍ക്കാല ചൂട് അസഹ്യമായതോടെ ആസ്പത്രികളില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതായും, ഇവര്‍ക്ക് ആവശ്യമുള്ള രക്തം നല്‍കുന്നതിന് കൂടുതല്‍ പേര്‍ സ്വയം സന്നദ്ധരായി മുന്നോട്ടു വരണമെന്നും ഇവര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അമേരിക്കന്‍ റെഡ് ക്രോസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് വേനല്‍ക്കാലത്ത് രക്ത ദൗര്‍ലഭ്യം അനുഭവപ്പെട്ടതെന്നും പ്രസ്താവനയില്‍ ചൂണ്ടികാണിക്കുന്നു.

രക്തം ദാനം ചെയ്യുവാന്‍ താല്പര്യമുള്ളവര്‍ Redcrossblood.org എന്ന വെബ്‌­സൈറ്റുമായോ 1800­Redcross എന്ന നമ്പറിലോ അടിയന്തിരമായി ബന്ധപ്പെടേണ്ടതാണ്.