രക്ത ദാനത്തിലൂടെ പൊലീസ് നായയുടെ ജീവന്‍ രക്ഷിച്ചു

12;09 pm 18/11/2016

– പി.പി. ചെറിയാന്‍
Newsimg1_59655232
ഐഡഹോ: രക്ത ദാനത്തിലൂടെ മനുഷ്യന്റെ ജീവന്‍ മാത്രമല്ല മൃഗങ്ങളുടേയും ജീവന്‍ രക്ഷിക്കാനാകുമെന്ന് തെളിയിക്കുന്ന അപൂര്‍വ്വ സംഭവത്തിന് വെസ്റ്റ് സ്റ്റാഫാംഗങ്ങള്‍ സാക്ഷ്യം വഹിച്ചു.

നവംബര്‍ 11 വെളളിയാഴ്ച കൃത്യ നിര്‍വ്വഹണത്തിനിടയിലാണ് രണ്ട് പൊലീസ് ഓഫീസര്‍മാര്‍ക്കും പൊലീസ് നായക്കും വെടിയേറ്റത്. പരിക്കേറ്റ ഓഫീസര്‍മാരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ ഗുരുതരമായി പരിക്കേറ്റ പൊലീസ് ഡോഗിനെ അടുത്തുളള വെറ്റനറി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശ്വാസകോശത്തില്‍ വെടിയേറ്റ് രക്തം വാര്‍ന്നു പോയ നായക്ക് രക്തം നല്‍കുകയല്ലാതെ വേറൊരു പോം വഴിയുമില്ലായിരുന്നു.

അമ്പത് പൗണ്ട് തൂക്കമുളള ജര്‍ഡോയുടെ രക്ഷയ്‌ക്കെത്തിയത് ആറ് വയസുളള മൈല്‍സും അഞ്ചു വയസുളള ക്രിക്കറ്റ് പിറ്റ് ബുളുമായിരുന്നു. മുക്കാല്‍ ലിറ്റര്‍ രക്തമാണ് ഇരുവരും ചേര്‍ന്ന് നല്‍കിയത്. മാറില്‍ വെടിയേറ്റതിനെ തുടര്‍ന്ന് ഒരു ശ്വാസ കോശം മുഴുവനും നഷ്ടപ്പെട്ട ജര്‍ഡൊ സഹജീവികളില്‍ നിന്നും രക്തം സ്വീകരിച്ചതോടെ അപകട നില തരണം ചെയ്തതായി മൃഗാശുപത്രി ഡോക്ടര്‍മാര്‍ അറിയിച്ചു. നവംബര്‍ 14നാണ് ആശുപത്രി അധികൃതര്‍ വിവരം മാധ്യമങ്ങളെ അറിയിച്ചത്.

രണ്ട് മാസത്തിനകം ജര്‍ഡിന് ജോലിയില്‍ പ്രവേശിക്കാനാകുമെന്നും ഡോക്ടര്‍ പറഞ്ഞു. ഓഫീസര്‍മാരെ വെടിവെച്ചുവെന്നു പറയപ്പെടുന്ന മാര്‍ക്കൊ മെറിഡിയന്‍ പൊലീസുമായുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ ഒരു ഓഫീസര്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. നായയുടെ ചികിത്സയ്ക്കായി രണ്ട് ദിവസം കൊണ്ടു ശേഖരിച്ചത് 51000 ഡോളറാണ്. രക്തദാനത്തിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കുകയാണ് ഈ സംഭവം മാധ്യമങ്ങള്‍ക്ക്് നല്‍കുന്നതിലൂടെ നിര്‍വ്വഹിക്കപ്പെടുന്നതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു