രജനീകാന്തിന്റെ ആരാധകര്‍ ചവറുകളാണെന്ന് ബോളിവുഡ് സംവിധായകന് രാം ഗോപാല്‍ വര്‍മ്മ. തന്റെ ട്വിറ്റിനോടുള്ള രജനി ആരാധകരുടെ പ്രതികരണമാണ് രാംഗോപാല്‍ വര്‍മ്മയെ ചെടിപ്പിച്ചത്. കഴിഞ്ഞ ദിവസം രജനീകാന്തിനൊപ്പം നില്ക്കുന്ന ഫോട്ടോ നടി എമി ജാക്സണ് ട്വീറ്റ് ചെയ്തിരുന്നു. ഈ ചിത്രം രാം ഗോപാല്‍ വര്‍മ്മ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഷെയര്‍ ചെയ്യുകയും ചില പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. ഇത് രജനി ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടില്ല.
പ്രതികരണമായി ചില ആരാധകര്‍ രാംഗോപാല്‍ വര്‍മ്മയെ വിമര്‍ശിക്കുകയും ചീത്ത വിളിക്കുകയും ചെയ്തു. ഇതിന് മറുപടിയായാണ് രജനീകാന്തിനെ താന്‍ പ്രശംസിക്കുകയായിരുന്നുവെന്നും എന്നാല്‍ ചവറുകളായ രജനി ഫാന്‍സിന് അത് മനസ്സിലായില്ലെന്നും രാം ഗോപാല്‍ വര്‍മ്മ പറഞ്ഞത്. രജനീകാന്ത് സ്വയം കളിയാക്കുന്ന ഒരു വീഡിയോയും ആര്.ജി.വി ഷെയര്‍ ചെയ്തിട്ടുണ്ട്.
താരപദവിക്ക് സൗന്ദര്യം നിര്‍ണ്ണായകമല്ലെന്ന് തെളിയിച്ച വലിയ താരം, സിക്സ് പാക്കില്ലാത്ത ഉയരമില്ലാത്ത, രണ്ട് സ്റ്റെപ്പുകള്‍ മാത്രം അറിയാവുന്ന മനുഷ്യന്, ലോകത്തൊരിടത്തും ഈ ലുക്കുള്ള ഒരാള്‍ക്ക് സൂപ്പര്‍ സ്റ്റാറാകാന്‍ കഴിയില്ല. പ്രേക്ഷകര്‍ക്ക് സിനിമയില്‍ എന്താണ് ഇഷ്ടപ്പെടുന്നതെന്ന് നിശ്ചയിക്കാന്‍ കഴിയില്ല എന്നതിന്റെ തെളിവാണ് രജനിസാര്‍. രജനി പ്രതിഭാസം എന്താണെന്ന് വിശദീകരിക്കാന്‍ മനശാസ്ത്രജ്ഞര്‍ക്ക് പോലും കഴിയില്ല. തുടങ്ങിയവയായിരുന്നു രാം ഗേപാല്‍ വര്‍മ്മ ട്വിറ്ററില്‍ നടത്തിയ പരാമര്‍ശങ്ങള്‍.