രഞ്ജി ട്രോഫി: ഛത്തിസ്ഗഡ്–കേരളം മത്സരം സമനിലയിൽ

02.11 am 31/10/2016
The_Ranji_Trophy
ജംഷഡ്പുർ: രഞ്ജി ട്രോഫിയിൽ ഛത്തിസ്ഗഡ്–കേരളം മത്സരം സമനിലയിൽ. കേരളമുയർത്തിയ 328 റൺസ് പിന്തുടർന്ന ഛത്തിസ്ഗഡ് 249/6 എന്ന നിലയിൽ നിൽക്കുമ്പോൾ മത്സരം അവസാനിപ്പിക്കാൻ ഇരുനായകൻമാരും തീരുമാനിക്കുകയായിരുന്നു. ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ ബലത്തിൽ കേരളത്തിന് മൂന്നു പോയിന്റ് ലഭിക്കും. സാഹിൽ ഗുപ്തയുടെ സെഞ്ചുറിയാണ് രണ്ടാം ഇന്നിംഗ്സിൽ ഛത്തിസ്ഗഡിന്റെ രക്ഷയ്ക്കെത്തിയത്. 334 പന്ത് നേരിട്ട സാഹിൽ 14 ബൗണ്ടറികളടക്കം 123 റൺസ് നേടി. കേരളത്തിനായി ജലജ് സക്സേന, ഇഖ്ബാൽ അബ്ദുള്ള എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.

നേരത്തെ, ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ കേരളം രണ്ടാം ഇന്നിംഗ്സിൽ 307/2 എന്ന നിലയിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. രോഹൻ പ്രേമി (123*) ന്റെ സെഞ്ചുറിയും സച്ചിൻ ബേബി (70*) യുടെ അർധസെഞ്ചുറിയുമാണ് കേരള ഇന്നിംഗ്സിനു കരുത്തു പകർന്നത്. ഭവിൻ താക്കർ (37), സഞ്ജു സാംസൺ (27) എന്നിവരുടെ വിക്കറ്റാണ് കേരളത്തിനു നഷ്ടമായത്. വി.എ.ജഗദീഷ് (45) പരിക്കിനെ തുടർന്നു മടങ്ങി.

കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 207 റൺസ് പിന്തുടർന്ന ഛത്തിസ്ഗഡ് 187ന് ഓൾഔട്ടായി. കേരളത്തിനായി കെ. മോനിഷ് നാലു വിക്കറ്റും ഇഖ്ബാൽ അബ്ദുള്ള മൂന്നു വിക്കറ്റും നേടി. 37 റൺസ് നേടിയ അഭിമന്യു ചൗഹാനാണ് ഛത്തിസ്ഗഡ് നിരയിലെ ടോപ് സ്കോറർ. 28 റൺസുമായി എസ്.എസ്. റുയികർ പുറത്താകാതെനിന്നു. ഒന്നാം ഇന്നിംഗ്സിൽ കേരളം 207നു പുറത്തായിരുന്നു. 62 റൺസ് നേടിയ ക്യാപ്റ്റൻ രോഹൻ പ്രേം ആണ് കേരള ഇന്നിംഗ്സിലെ ടോപ് സ്കോറർ. സഞ്ജു സാംസൺ 41 റൺസ് എടുത്തു.