രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് അനായാസ ജയം.

07:50 pm 3/10/2016
download

കൊൽക്കത്ത: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് അനായാസ ജയം. 178 റണ്‍സിനാണ് കൊഹ്‍ലിയും ,സംഘവും കിവികളെ തകര്‍ത്തത്. ജയത്തോടെ ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ വീണ്ടും ഒന്നാമതെത്തി. ജയിക്കാന്‍ 376 റണ്‍സ് ലക്ഷ്യവുമായി ക്രീസിലെത്തിയ സന്ദര്‍ശകര്‍ക്ക് ഓപണര്‍മാരായ ലഥാമും ഗുപ്റ്റിലും ചേര്‍ന്ന് മോശമല്ലാത്ത തുടക്കം നല്‍കി. 55 റണ്‍സ്​ ഒന്നാം വിക്കറ്റ് സഖ്യത്തിന് ശേഷം അശ്വിനാണ് ഗുപ്റ്റിലിനെ വീഴ്ത്തി ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 74 റണ്‍സെടുത്ത ലഥാം വീണതോടെ കിവികളുടെ അടിതെറ്റി.

നാല് വിക്കറ്റിന് 141 റണ്‍സെന്ന ആശ്വാസകരമായ നിലയില്‍ നിന്നും 197 റണ്‍സിന് എല്ലാവരും പുറത്തേക്ക് എന്ന അവസ്ഥയിലേക്ക് ടെയ്‍ലറും സംഘവും കൂപ്പുകുത്തി. ഇന്ത്യക്കായി ഷമി, അശ്വിന്‍, ജഡേജ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി. ഒന്നാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റുകളുമായി ഇന്ത്യന്‍ ജയത്തിന് അടിത്തറ പാകിയ പേസര്‍ ഭുവനേശ്വര്‍ കുമാറാണ് കളിയിലെ കേമന്‍. മൂന്ന് ടെസ്റ്റുകളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റും ഇന്ത്യ സ്വന്തമാക്കിയിരുന്നു.

ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 263 റണ്‍സിന് അവസാനിച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്​മാന്‍ വൃദ്ധിമാന്‍ സാഹ 58 റണ്‍സുമായി പുറത്താകാതെ നിന്നു. 23 റണ്‍സെടുത്ത ഭുവനേശ്വര്‍ കുമാറിന്‍റെയും ഒരു റണ്‍സെടുത്ത സമിയുടെയും വിക്കറ്റുകളാണ് ആതിഥേയര്‍ക്ക് ഇന്ന് നഷ്ടമായത്.