രണ്ടു കുരുന്നുകളുടെ ജീവന്‍ കവര്‍ന്ന മാതാവ് അറസ്റ്റില്‍

09;00 pm 28/9/2016

– പി. പി. ചെറിയാന്‍
Newsimg1_51996920
ഇന്ത്യാന : ജന്മം നല്‍കിയ മാതാവു തന്നെ രണ്ടു കുരുന്നുകളെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. സെപ്റ്റംബര്‍ 26 തിങ്കളാഴ്ച ഇന്ത്യാനയിലാണ് അതിദാരുണമായ ഈ സംഭവം. മാതാവ് ആംബര്‍ പാസ്റ്ററെ (29) അറസ്റ്റ് ചെയ്തതായി എല്‍ക്ക് ഹാര്‍ട്ട് കൗണ്ടി ഷെറിഫ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ശനിയാഴ്ചയാണു ലില്ലിയാന ഫെര്‍ണാണ്ടസ്(7), റിനെ പാസ്റ്റര്‍(6) എന്നിവരെ മാതാവ് തട്ടികൊണ്ടു പോയതായി പൊലീസില്‍ വിവരം ലഭിച്ചത് തുടര്‍ന്ന് ആംബര്‍ അലര്‍ട്ട് പ്രഖ്യാപിച്ച കുട്ടികള്‍ക്കുവേണ്ടി തിരച്ചില്‍ ആരംഭിച്ചിരുന്നു.

തിങ്കളാഴ്ച രാവിലെ എല്‍ക്കാര്‍ട്ട് പൊലീസ് സ്‌റ്റേഷനു മുമ്പില്‍ കാര്‍ നിര്‍ത്തിയ ശേഷം അവിടെ നിന്നിരുന്ന പൊലീസ് ഓഫിസറോട് കാറിന്റെ പിന്‍സീറ്റില്‍ രണ്ടു മൃതദേഹങ്ങള്‍ കിടക്കുന്നു എന്നാണ് ആംബര്‍ പറഞ്ഞത്. പൊലീസ് നോക്കിയപ്പോള്‍ ചലനമറ്റ രണ്ടു കുട്ടികളെയാണു കാര്‍ സീറ്റില്‍ കാണാന്‍ കഴിഞ്ഞത്. ശ്വാസം മുട്ടി മരിച്ച നിലയിലായിരുന്നു ഇരുവരുടേയും മൃതദേഹങ്ങള്‍ . മയക്കുമരുന്നിനടിമയായ ആംബറിനു ഒന്നുരണ്ടു വര്‍ഷം മുന്‍പു രണ്ടു കുട്ടികളുടേയും സംരക്ഷണം നഷ്ടപ്പെട്ടിരുന്നു. രണ്ടു കുട്ടികളേയും കൊല്ലുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നതിനാല്‍ ആംബറിന്റെ മാതാവിന്റെ സംരക്ഷണയിലായിരുന്നു ഇരുവരും കഴിഞ്ഞിരുന്നത്.

അറസ്റ്റ് ചെയ്ത ആംബറിനെ എല്‍ക്കാര്‍ട്ട് കൗണ്ടി ജയിലിലടച്ചു. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കണമെന്ന് കൗണ്ടി പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു.