രശ്മിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; പോലീസിനെതിരെ രാഹുല്‍ പശുപാലന്‍ ഹൈക്കോടതിയില്‍

08:35pm 30/4/2016
download (2)
കൊച്ചി: തന്റെയും ഭാര്യ രശ്മി നായരുടെയും നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ പ്രതിയായ രാഹുല്‍ പശുപാലന്‍ പോലീസിനെതിരെ ഹൈക്കോടതിയെ സമീപിക്കുന്നു. ഇരുവരുടെയും ഫ്‌ളാറ്റില്‍ പോലീസ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ലാപ്‌ടോപ്പിലെയും മൊബൈല്‍ ഫോണിലെയും ചിത്രങ്ങള്‍ പോലീസ് ചോര്‍ത്തിയെന്നാണ് പരാതി.
രശ്മിയുടെ ദൃശ്യങ്ങള്‍ ചോര്‍ന്നത് കേസിനെ ബാധിക്കുമെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് രാഹുല്‍ കോടതിയെ സമീപിക്കുന്നത്. രശ്മിയുടെ നൂറിലേറെ നഗ്നചിത്രങ്ങളും വീഡിയോയുമാണ് പ്രചരിച്ചത്. ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരാണെന്നാണ് രാഹുലിന്റെ ആരോപണം. ചിത്രങ്ങള്‍ പുറത്ത് വന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും രാഹുല്‍ ആരോപിച്ചു.
നേരത്തെ പോലീസ് കസ്റ്റഡിയിലായിരിക്കെ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ചിത്രം പോസ്റ്റ് ചെയ്തത് തന്റെ മൊബൈല്‍ ഫോണ്‍ പോലീസ് ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവാണെന്നും രാഹുല്‍ ആരോപിച്ചു. കഴിഞ്ഞ നവംബറിലാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് രാഹുല്‍ പശുപാലനും ഭാര്യ രശ്മിയും അറസ്റ്റിലായത്.