രാജാകൃഷ്ണ മൂര്‍ത്തിക്ക് ഒബാമയുടെ എന്‍ഡോഴ്‌സ്‌മെന്റ്

10:10am 8/7/2016

പി.പി.ചെറിയാന്‍
1465295574_1465295574_raja_krishna_271
ഇല്ലിനോയ്‌സ്: ഇല്ലിനോയ്‌സ് 8വേ കണ്‍ഗ്രഷ്ണല്‍ ഡിസ്ട്രിക്റ്റില്‍ നിന്നും യു.എസ്. കോണ്‍ഗ്രസ്സിലേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ വംശജന്‍ രാജാകൃഷ്ണമൂര്‍ത്തിക്ക് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ പിന്തുണ വാഗ്ദാനം ചെയ്തു.
അമേരിക്കയില്‍ കുടിയേറി തൊഴിലെടുത്തു താമസിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുവാന്‍ കഴിയുന്ന വ്യക്തിയാണ് കൃഷ്ണമൂര്‍ത്തിയെന്ന് ഒബാമ പിന്തുണ പ്രഖ്യാപിച്ചു ജൂണ്‍ 3ന് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് യു.എസ്സ്. കോണ്‍ഗ്രസ്സില്‍ സമ്മര്‍ദം ചെലുത്തുവാന്‍ കൃഷ്ണമൂര്‍ത്തിക്ക് കഴിയുമെന്നും ഒബാമ പ്രത്യാശ പ്രകടിപ്പിച്ചു.
ഒബാമയെ കൂടാതെ ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ സമുന്നത നേതാക്കളും, തൊഴിലാളി സംഘടനാ നേതാക്കളും കൃഷ്ണമൂര്‍ത്തിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
നവംബറില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പീറ്റ് ഡിസിയാനിയാണ് കൃഷ്ണമൂര്‍ത്തിയുടെ മുഖ്യ എതിരാളി.
ഡല്‍ഹിയില്‍ ജനിച്ച കൃഷ്ണമൂര്‍ത്തി മാതാപിതാക്കളോടൊപ്പമാണ് അമേരിക്കയില്‍ എത്തിയത്.
ഇല്ലിനോയ്‌സില്‍ പ്രാഥമിക വിദ്യാഭ്യാസവും, പ്രിന്‍സ്റ്റണ്‍, ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റികളില്‍ നിന്നും ഉന്നതവിദ്യാഭ്യാസവും കരസ്ഥമാക്കി 2004 ല്‍ ഒബാമയുടെ തിരഞ്ഞെടുപ്പില്‍ ടീം ഡയറക്ടറായി രാജ പ്രവര്‍ത്തിച്ചിരുന്നു. ഇല്ലിനോയ്‌സില്‍ സക്കംബര്‍ഗില്‍ ഭാര്യ ഡോ.പ്രിയ, മക്കള്‍ വിജയ്, വിക്രം എന്നിവരോടൊപ്പം താമസിക്കുന്നു.
വെസ്റ്റ്, നോര്‍ത്ത് വെസ്റ്റ് ചിക്കാഗൊ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ഇല്ലിനോയ്‌സ് സീറ്റില്‍ ഇത്തവണ രാജാകൃഷ്ണമൂര്‍ത്തി വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൃഷ്ണമൂര്‍ത്തിയുടെ വിജയത്തിനായി ഇന്ത്യന്‍ഏഷ്യന്‍ സമൂഹം സജ്ജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്.