08:20am 21/04/2016
ന്യൂഡല്‍ഹി: രാഷ്ട്രീയ വടംവലി പരിധികള്‍ വിട്ട് കളിക്കളവും കൈയേറിത്തുടങ്ങി. യു.പി.എ സര്‍ക്കാറിന്റെ കാലത്ത് ആരംഭിച്ച കായിക വികസന പദ്ധതിയായ രാജീവ് ഗാന്ധി ഖേല്‍ അഭിയാന്റെ പേര് മോദി സര്‍ക്കാര്‍ മാറ്റിയെഴുതി. ഖേലോ ഇന്ത്യ എന്നാണ് പുതിയ പേര്. സ്‌പോര്‍ട്‌സിലും രാഷ്ട്രീയം കലര്‍ത്തുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍, കായികമന്ത്രി സര്‍ബാനന്ദ സൊനോവാള്‍ ആരോപണം നിഷേധിച്ചു.
രണ്ടു വര്‍ഷം മുമ്പ് യു.പി.എ സര്‍ക്കാര്‍ കായിക വികസനത്തിനായി ആരംഭിച്ച പദ്ധതിയാണ് രാജീവ് ഗാന്ധി ഖേല്‍ അഭിയാന്‍. ഇതിന്റെ പേര് ഖേലോ ഇന്ത്യ എന്ന് മാറ്റിയതിനുപുറമെ, നിലവിലുണ്ടായിരുന്ന നഗര കായിക സൗകര്യ വികസന പദ്ധതിയും പുതിയ പ്രതിഭകളെ കണ്ടത്തെുന്ന ദേശീയ സ്‌പോര്‍ട്‌സ് ടാലന്റ് സെര്‍ച് പദ്ധതിയും ഇതിനു കീഴില്‍ ആക്കുകയും ചെയ്തു.
മാറ്റം നല്ലതാണെന്നും പക്ഷേ, അത് നേരായ ദിശയിലായിരിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍ പ്രതികരിച്ചു. വിവിധ പദ്ധതികളില്‍നിന്ന് രാജീവ് ഗാന്ധിയുടെ പേര് നീക്കം ചെയ്യുന്നത് ഇത് ആദ്യമല്‌ളെന്നും വടക്കന്‍ പറഞ്ഞു.