രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് നേരെ ആക്രമണം

02:37 pm 13/09/2016
images (2)
വെല്ലൂർ: രാജീവ് ഗാന്ധി വധക്കേസ് പ്രതി എ.ജി.പേരറിവാളനെതിരെ ജയിലിൽ ആക്രമണം. തമിഴ്നാട്ടിലെ വെല്ലൂർ ജയിലിൽവച്ച് സഹതടവുകാരൻ ഇരുമ്പുവടി കൊണ്ടു തലക്കടിക്കുകയായിരുന്നു. ഇന്ന് രാവിലെ 6.15 ഓടെയായിരുന്നു സംഭവം. തലക്കും കൈകൾക്കും പരുക്കേറ്റ പേരറിവാളന് ജയിലിനകത്തെ ആശുപത്രിയിൽ തന്നെ ചികിൽസ നൽകി. പേരറിവാളന് തലയോട്ടിയിൽ പരിക്ക് പറ്റിയിട്ടുണ്ടെന്നും എന്നാലിത് ഗുരുതരമല്ലെന്നും അധികൃതർ അറിയിച്ചു.

കൊലക്കേസിൽ 13 വർഷമായി ജയിലിൽ കഴിയുന്ന രാജേഷ് ഖന്ന എന്നയാളാണ് പേരറിവാളനെ ആക്രമിച്ചത്. ഇരുവരും തമ്മിൽ ചില തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന് ജയിലിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ജയിലധികൃതർ പറഞ്ഞു. രണ്ട് ബ്ളോക്കുകളിലായിരുന്നു രണ്ടുപേരെയും താമസിപ്പിച്ചിരുന്നത്.