ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചു. പ്രതികളെ മോചിപ്പിക്കാന്‍ തയാറാണെന്ന് അറിയിച്ച് തമിഴ്നാട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതി. തമിഴ്നാടിനുവേണ്ടി ചീഫ് സെക്രട്ടറി ജ്ഞാനദേശികനാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്രിഷിക്ക് കത്തയച്ചത്.
ജയിലില്‍ 24 വര്‍ഷം പിന്നിട്ട പേരറിവാളന്, മുരുകന്, ശാന്തന്, നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരെ മോചിപ്പിക്കാനാണ് തമിഴ്നാട് സന്നദ്ധത അറിയിച്ചിരിക്കുന്നത്. വെല്ലൂര്‍ ജയിലിലാണ് ഇവര്‍ ഇപ്പോള്‍ കഴിയുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രതികളെ മോചിപ്പിക്കാനാണ് ജയലളിത സര്‍ക്കാറിന്റെ നീക്കം. നേരത്തെയും തമിഴ്നാട് രാജീവ് വധക്കേസ് പ്രതികളെ മോചിപ്പിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് നടക്കാതെ പോവുകയായിരുന്നു.
രാജീവ് ഗാന്ധി വധക്കേസില്‍ വിചാരണകോടതി എല്ലാ പ്രതികള്‍ക്കും വധശിക്ഷയാണ് വിധിച്ചിരുന്നത്. പിന്നീട് സുപ്രീംകോടതി കേസ് പരിഗണിച്ചു. 19 പ്രതികളുടെ ശിക്ഷ പരമോന്നത കോടതി ഒഴിവാക്കി. മുരുകന്, ഭാര്യ നളിനി, ശാന്തന്, പേരളിവാളന് എന്നിവര്‍ക്ക് വധശിക്ഷയും ജയകുമാര്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍ എന്നിവര്‍ക്ക് ജീവപര്യന്തവും വിധിച്ചു. എന്നാല്‍ നളിനിയുടെ ഇളവിനുള്ള അപേക്ഷകള്‍ക്കൊടുവില്‍ ശിക്ഷ ജീവപര്യന്തമായി കുറക്കാന്‍ തമിഴ്നാട് ഗവര്‍ണര്‍ തീരുമാനിക്കുകയായിരുന്നു.
1991 മെയ് 21നാണ് തമിഴ്നാട്ടിലെ ശ്രീപെരുംപുതൂരില്‍ വെച്ച് തെരഞ്ഞെടുപ്പ് റാലിക്കിടെ രാജീവ് ഗാന്ധി വധിക്കപ്പെട്ടത്.