രാഷ്ട്രപതിയുടെ വാഹനവ്യൂഹം അപകടത്തില്‍പെട്ടു; മൂന്നുപേര്‍ക്ക് പരിക്ക്

01:50 PM 15/07/2016
download
കൊല്‍കത്ത: ഡാര്‍ജിലിങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വാഹനവ്യൂഹം അപകടത്തില്‍ പെട്ടു. രാഷ്ട്രപതി സുരക്ഷിതനാണെന്ന് അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 11.30 യോടെയാണ് സംഭവം. ഡാര്‍ജിലിങ്ങില്‍ നിന്നും 16 കിലോമീറ്റര്‍ അകലെ സൊനാഡയിലാണ് അപകടം നടന്നത്. മൂന്നുദിവസത്തെ ബംഗാള്‍ സന്ദര്‍ശനത്തിനായി എത്തിയ രാഷ്ട്രപതി ബാഗ്ദോഗ്രയിലേക്ക് സഞ്ചരിക്കുന്നതിനിടെയാണ് അപകടം.
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വാഹനവ്യൂഹത്തിനിടയിലാണ് രാഷ്ട്രപതിയുടെ കാറും അകമ്പടി വാഹനങ്ങളും സഞ്ചരിച്ചിരുന്നത്. രാഷ്ട്രപതിയുടെ കാറിനു പിറകിലുള്ള മൂന്നാമത്തെ എസ്കോര്‍ട്ട് കാര്‍ മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന മൂന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്.
അപകടമുണ്ടായ ഉടന്‍ തന്നെ രാഷ്ട്രപതി സഞ്ചരിച്ചിരുന്ന കാര്‍ നിര്‍ത്തുകയും അദ്ദേഹത്തിന് സുരക്ഷ ഉറപ്പാക്കുകയും ചെയ്തതായി മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു.
കനത്തമഴയെ തുടര്‍ന്ന് റോഡില്‍ വഴുക്കലായതാണ് അപകടത്തിന് കാരണം. പരിക്കേറ്റവരെ ഡാര്‍ജിലിങ്ങിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.