06:30pm 11/5/2016
ന്യുഡല്‍ഹി: ഉത്തരാഖണ്ഡിലെ രാഷ്ട്രീയ തോല്‍വി സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍. ഉത്തരാഖണ്ഡില്‍ ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണം പിന്‍വലിക്കാമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ അറിയിച്ചു. കോണ്‍ഗ്രസ് വിശ്വാസവോട്ടില്‍ വിജയിച്ചുവെന്നും അതിനാല്‍ രാഷ്ട്രപതി ഭരണം പിന്‍വലിക്കാന്‍ തയ്യാറാണെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി കേന്ദ്ര നിലപാട് കോടതിയില്‍ വ്യക്തമാക്കി.
അതേസമയം, നിയമസഭയില്‍ വിശ്വാസം നേടിയ ഹരീഷ് റാവത്തിന് മുഖ്യമന്ത്രിയായി തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. റാവത്ത് സഭയില്‍ 28നെതിരെ 33 വോട്ടുകള്‍ നേടി വിശ്വാസം തെളിയിച്ചിരുന്നു. മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച വോട്ടെടുപ്പ് ഫലവും സ്പീക്കറുടെ നിലപാടും പരിശോധിച്ച ശേഷമാണ് കോടതി റാവത്തിന് തുടരാന്‍ അനുമതി നല്‍കിയത്.
ഉത്തരാഖണ്ഡ് നിയമസഭയില്‍ ധനവിനിയോഗ ബില്‍ പാസാക്കുന്നതില്‍ ഉണ്ടായ പ്രതിസന്ധിയെ തുടര്‍ന്നാണ് മാര്‍ച്ച് 28ന് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. ഇത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ വിശ്വാസവോട്ട് തേടുന്നതിന് തൊട്ടുമുന്‍പ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച ഹൈക്കോടതി കേന്ദ്ര നടപടി റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീം കോടതിയുടെ തന്നെ നിരീക്ഷണത്തില്‍ വിശ്വാസവോട്ട് നടത്താന്‍ കേന്ദ്രത്തിന്റെ നിലപാട് ആരായുകയായിരുന്നു. കേന്ദ്രവും വിശ്വാസവോട്ടിനെ അനുകൂലിച്ചതോടെയാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടന്നത്.
അതിനിടെ, സഭയില്‍ നിന്ന് സസ്‌പെന്റു ചെയ്ത സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് ഒമ്പത് കോണ്‍ഗ്രസ് അംഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളുകയും ചെയ്തതോടെ കോണ്‍ഗ്രസ് ഉദ്ദേശിച്ച രീതിയില്‍ തന്നെ കാര്യങ.ങള്‍ നടന്നു.