രാഷ്ട്രീയം വളര്‍ത്താന്‍ പൊലിസിന്റെ ആവശ്യമില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍

10.07 PM 08-06-2016
image-1
കൊച്ചി: രാഷ്ട്രീയമായി ശക്തിപ്പെടാന്‍ പൊലിസിന്റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരും മന്ത്രിമാരും മാറിവരുമെങ്കിലും പൊലിസിന് വക്യതമായ നിലപാട്, കൃത്യത, നിഷ്പക്ഷത എന്നിവയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ എറണാകുളം ജില്ലാ പൊലിസ് വായ്പാ സംഹകരണസംഘത്തിന്റെ സില്‍വര്‍ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണം മാറിയെന്നതുകൊണ്ട് തങ്ങള്‍ക്ക് മാറ്റമുണ്ടാകുമെന്ന് ആരും വിചാരിക്കണ്ട. ആഭ്യന്തരവകുപ്പിന്റെ തലയില്‍ കയറി നിരങ്ങാന്‍ ആരെയും അനുവദിക്കില്ല.
മികവുറ്റ സേനയാണ് കേരളപൊലിസ് എന്നകാര്യത്തില്‍ സംശയമില്ല അതിനുദാഹരണമാണ് ജിഷയുടെ കൊലപാതകം തോളിയിച്ചതും കൊട്ടയത്തെ അശ്വതികൊലക്കേസിലെ പ്രതിയുടെ അറസ്റ്റും. ഇത്തരം നല്ല നടപടികളാണ് ജനങ്ങള്‍ പൊലിസില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. എന്നാല്‍ പൊലിസില്‍ കയറിയാല്‍ എല്ലാമായി എന്ന ചിന്ത ചിലര്‍ക്കുണ്ട് ഇത് മാറണം. ഒരാള്‍ചെയ്യുന്ന തെറ്റിന് സേനമുഴുവന്‍ കുറ്റക്കാരാകുന്നു. ഒപ്പം സര്‍ക്കാരിന്റെ പ്രതിശ്ചായയും കുറയുന്നു. അഴിമതിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയുമുണ്ടാകില്ല. അതിനായി ആരും പൊലിസാകാന്‍ ശ്രമിക്കണ്ട. പൊലിസിന്റെ ധര്‍മ്മം നിര്‍വഹിക്കുന്നവരെമാത്രമേ സേനക്ക് ആവശ്യമുള്ളു. അല്ലാത്തവര്‍ സര്‍വീസില്‍ ഉണ്ടാകില്ല. പൊലിസ് പൊലിസായിരിക്കണം. ചേരിതിരിവുകളുടെ ഭാഗമാവേണ്ടവരല്ല പൊലിസ് ഉദ്യോഗസ്ഥന്‍മാര്‍. നിര്‍ഭാഗ്യവശാല്‍ പൊലിസ് സംഘടനകളിലും രാഷ്ട്രീയ ചേരി തിരിവുകള്‍ കടന്നുകൂടിയിരിക്കുകയാണ്. ഇതനുവദിക്കാന്‍ പറ്റില്ല. ഇത്തരം നടപടികള്‍ പൊലിസിന്റെ സംഘടനാ സ്വാതന്ത്ര്യം ഇല്ലാതാക്കുമെന്ന് താന്‍ മുഖ്യമന്ത്രിയാകും മുന്‍പ് പലവട്ടം പ്രസംഗിച്ചിട്ടുണ്ട്. ഈ നിലപാടില്‍ ഇപ്പോഴും മാറ്റമില്ല.
പൊലിസിന്റെ ജോലിസമയം എട്ടുമണിക്കൂര്‍ ആക്കണമെന്നത് പരിഗണിക്കേണ്ടതാണ് എന്നാല്‍ സമയം കഴിഞ്ഞുവെന്നുപറഞ്ഞ് ജോലിചെയ്യാതിരിക്കാന്‍ പറ്റുന്ന വിഭഗമല്ല പൊലിസ്. മുഴുവന്‍ പൊലിസുകാരെയും ഓഫിസര്‍മാരാക്കാന്‍ ഒരു സര്‍ക്കാരിനും കഴിയില്ല. ന്യായമായ പ്രമോഷന്‍കാര്യങ്ങള്‍ പരിഗണിക്കും. നവീകരണം പൊലിസ് അനിവാര്യമാണ്. നവികരണംകൊണ്ടെ പോലിസിന്റെ മുഖം മാറ്റാന്‍ സാധിക്കു. മനുഷ്യര്‍ക്കൊപ്പമായിരിക്കണം പൊലിസിന്റെ മുഖം അല്ലാതെ അവരെ പേടിപ്പിക്കുന്നതാകരുത്. കേസുകളുടെ കാര്യത്തില്‍ പക്ഷപാതപരമായി പെരുമാറേണ്ടവരല്ല പൊലിസെന്നും പിണറായി പറഞ്ഞു.
വായ്പാ സഹകരണ സംഘങ്ങള്‍ക്ക് വലിയ ലാഭമുണ്ടായി എന്നാല്‍ പലിശ വര്‍ധിച്ചുവെന്നാണ് അര്‍ഥം. ഭീമമായ ലാഭം ലക്ഷ്യമിട്ടുകൊണ്ടുള്ള പലിശ നിരക്ക് പോലീസ് വായ്പാ സഹകരണ സംഘങ്ങള്‍ പോലുള്ളവക്ക് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാപനത്തിന് നഷ്ടം സംഭവിക്കാത്ത തരത്തില്‍ ചെറിയ ലാഭം മാത്രം പ്രതീക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളാവണം ഇത്തരം സഹകരണ സംഘങ്ങളുടേതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എറണാകുളം ജില്ലാ പോലീസ് വായ്പാ സഹകരണ സംഘം പ്രസിഡന്റ് സി ആര്‍ ബിജു അദ്ധ്യക്ഷത വഹിച്ചു. എസ് ശര്‍മ്മ എം എല്‍ എ, ദക്ഷിണ മേഖലാ എ ഡി ജി പി ഡോ. ബി സന്ധ്യ ഐ പി എസ്, കൊച്ചി റേഞ്ച് ഐ ജി എസ് ശ്രീജിത്ത്, ജില്ലാ പോലീസ് മേധാവി എം പി ദിനേശ് ഐ പി എസ്, ജോയിന്റ് രജിസ്ട്രാര്‍ സി കെ ഗിരി, കേരളാ കോപ്പറേറ്റീവ് എംപ്ലോയീസ് യൂനിയന്‍ ജനറല്‍ സെക്രട്ടറി പി എസ് മധുസൂദനന്‍, കെ ജെ ജോര്‍ജ് ഫ്രാന്‍സീസ്, എം എം മോഹനന്‍ പ്രസംഗിച്ചു. ജെ ഷാജിമോന്‍ സ്വാഗതവും, എം കെ രേണുകാ ചക്രവര്‍ത്തി നന്ദിയും പറഞ്ഞു.