രാഷ്ട്രീയനേതാക്കളുടെ സ്വത്ത് വിവരം തേടി വിജിലന്‍സ്; ആദായനികുതി വകുപ്പിന് കത്തയച്ചു

02.00 PM 05-09-2016
Income-Tax
തിരുവനന്തപുരം: രാഷ്ട്രീയനേതാക്കളുടെ സ്വത്ത് വിവരം തേടി ആദായനികുതി വകുപ്പിന് വിജിലന്‍സ് ഡയറക്ടറുടെ കത്ത്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ സ്വത്ത് വിവരം നല്‍കാനാണ് ആവശ്യപ്പെട്ടത്. അതേ സമയം രാഷ്ട്രീയപകപോക്കലിനായി നേതാക്കളെ വ്യക്തിഹത്യ ചെയ്യുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.
അനധികൃത സ്വത്തുള്ള രാഷ്ട്രീയനേതാക്കളുടെ മേല്‍ പിടിമുറുക്കാന്‍ തന്നെയാണ് വിജിലന്‍സ് നീക്കം. മുന്‍മന്ത്രി കെ ബാബുവിനെതിരെ കേസ് എടുത്തതിന് പിന്നാലെ കൂടുതല്‍ നേതാക്കളുടെ സ്വത്ത് വിവരം തേടുകയാണ് വിജിലന്‍സ്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നേതാക്കളുടെ പേരിലോ ബിനാമി പേരിലോ സ്വത്തുണ്ടെങ്കില്‍ നല്‍കാനാണ് ആദാനയ നികുതിവകുപ്പിനോട് വിജിലന്‍സ് ഡയറക്ടര്‍ ആവശ്യപ്പെട്ടത്. അടുത്തിടെ മുത്തൂറ്റ് ഗ്രൂപ്പിന്റെ വിവിധ ശാഖകളില്‍ ആദായനികുതി വകുപ്പ് നടക്കിയ റെയ്ഡില്‍ വന്‍തോതില്‍ ബിനാമി നിക്ഷേപം കണ്ടെത്തിയ സാഹചര്യത്തിലാണിത്. ധനകാര്യസ്ഥാപനങ്ങളില്‍ പരിശോധന നടത്താനും വിജിലന്‍സിന് ആലോചനയുണ്ട്.
വിജിലന്‍സ് നീക്കം ശക്തമാകുമ്പോള്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബാബുവിനും ഒപ്പം മാണിക്കും വീണ്ടും പ്രതിരോധം തീര്‍ക്കുന്നു. സര്‍ക്കാര്‍ തീരുമാനം മൂലം സാമ്പത്തിക നഷ്ടം സംഭവിച്ചവര്‍ പ്രതികാര മനോഭാവത്തോടെ ഉന്നയിച്ച ആരോപണങ്ങളുടെ പേരില്‍ പൊതു പ്രവര്‍ത്തകരെ അപമാനിക്കുകയാണെന്ന് ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചു. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുണ്ട്. എന്നാല്‍ മുമ്പ് നടന്ന അന്വേഷണത്തിലോ കുറ്റപത്രം നല്‍കിയ കേസിലോ പൊതുപ്രവര്‍ത്തകരെ അവഹേളിക്കാന്‍ റെയ്ഡ് നടത്തിയിട്ടില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചു.