രൂപാഗാംഗുലിക്കെതിരായ പരാമര്‍ശം: മുല്ല മാപ്പു പറഞ്ഞു

07:08pm 22/04/2016
roopa-ganguly
കൊല്‍ക്കത്ത: ബി.ജെ.പി സ്ഥാനാര്‍ഥിയായ രൂപാ ഗാംഗുലിക്കെതിരെയുള്ള മോശം പരാമര്‍ശത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് റസാക്ക് മുല്ല മാപ്പ് ചോദിച്ചു. മഹാഭാരത സീരിയലില്‍ ദ്രൗപദിയായി പ്രത്യക്ഷപ്പെട്ട് പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് ഹൗറ നോര്‍ത് മണ്ഡലത്തിലെ സ്ഥാനാര്‍ഥി രൂപാ ഗാംഗുലി. രൂപക്കെതിരെ നടത്തിയ വ്യക്തിപരമായ പരാമര്‍ശത്തില്‍ താന്‍ ആത്മാര്‍ഥമായും ഖേദിക്കുന്നു, മാപ്പ് ചോദിക്കുന്നു എന്നാണ് മുല്ല പറഞ്ഞത്.

‘അവര്‍ ശരിക്കും !ഒരു ദ്രൗപദി തന്നെയാണ്. അവള്‍ വലിക്കുന്ന സിഗരറ്റിന്റെ നീളം പോലും എനിക്കറിയാം’ എന്നായിരുന്നു റസാക്ക് മുല്ല പ്രസംഗിച്ചത്. ഇതിനെതിരെ ദേശീയതലത്തില്‍ തന്നെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. മുല്ലക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനും തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

വില കുറഞ്ഞ പ്രശസ്തിക്കുവേണ്ടിയാണ് റസാക്ക് മുല്ല പ്രമുഖ വ്യക്തികള്‍ക്കെതിരെ ഇത്തരം പരാമര്‍ശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് രൂപ കുറ്റപ്പെടുത്തിയിരുന്നു