റബര്‍ വില :-റബര്‍ ബോര്‍ഡിന്റെ വാദങ്ങള്‍ വസ്തുതാ വിരുദ്ധം: വി.സി.സെബാസ്റ്റ്യന്‍

07:57 pm 17/12/2016
Newsimg1_52837167
കോട്ടയം: റബറിന്റെ രാജ്യാന്തരവില ഉയര്‍ന്നതിന്റെ പിന്നില്‍ ഊഹക്കച്ചവടമാണെന്നുള്ള റബര്‍ ബോര്‍ഡിന്റെ വാദം വസ്തുതാവിരുദ്ധമാണെന്നും രാജ്യാന്തരവിലയ്‌ക്കെങ്കിലും ഇന്ത്യയിലെ റബര്‍ വ്യവസായികളെക്കൊണ്ട് ആഭ്യന്തരവിപണിയില്‍ നിന്ന് റബര്‍ സംഭരിപ്പിക്കുവാന്‍ സാധിക്കാത്ത കേന്ദ്രസര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും റബര്‍ ബോര്‍ഡിന്റെയും കര്‍ഷകരുടെ കണ്ണില്‍ പൊടിയിടുന്ന റബര്‍ കയറ്റുമതിപ്രഖ്യാപനം മുഖവിലയ്‌ക്കെടുക്കാനാവില്ലെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

രാജ്യാന്തര വിപണിവില കൂടാതെ അടിസ്ഥാനചുങ്കവും വിവിധ സെസ്സുകളും ഉള്‍പ്പെടെ 35 ശതമാനം നികുതിയടച്ചാണ് ഇന്ത്യയിലേയ്ക്ക് റബര്‍ ഇറക്കുമതി ചെയ്യുന്നത്. രാജ്യാന്തര വിലയ്ക്കുപോലും ആഭ്യന്തരവിപണിയില്‍ നിന്ന് പ്രകൃതിദത്ത റബര്‍ വാങ്ങിക്കുവാന്‍ ഇന്ത്യയിലെ വ്യവസായികള്‍ തയ്യാറാകാത്തപ്പോള്‍ റബര്‍ ബോര്‍ഡ് കാഴ്ചക്കാരായി നില്‍ക്കാതെ എന്തുകൊണ്ട് ഇടപെടുന്നില്ല? രാജ്യാന്തര വിലയെങ്കിലും കര്‍ഷകന് ലഭ്യമാകുന്ന സാഹചര്യം സൃഷ്ടിക്കുവാനുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് റബര്‍ ബോര്‍ഡ് ഒളിച്ചോടുകയാണ്. ആഭ്യന്തര ഉല്പാദനം കുറവുള്ളതുകൊണ്ടാണ് വ്യവസായികള്‍ റബര്‍ ഇറക്കുമതി ചെയ്യുന്നതെന്ന് ഇന്നലവരെ ന്യായം പറഞ്ഞവര്‍ റബര്‍ കയറ്റുമതി വര്‍ദ്ധിപ്പിക്കുമെന്നു പറയുന്നത് വിരോധാഭാസമാണ്.

രാജ്യാന്തരവില ഉയര്‍ന്നത് ഊഹക്കച്ചവടമാണെന്നുള്ള ബോര്‍ഡിന്റെ ന്യായീകരണം കര്‍ഷകരെ ആക്ഷേപിക്കുന്നതാണ്. ചൈനയിലെ റബറിന്റെ ഡിമാന്റും ആസിയാന്‍ രാജ്യങ്ങളിലെ ഉല്പാദനക്കുറവും ക്രൂഡോയിലിന്റെ വില വര്‍ദ്ധനവും രാജ്യാന്തരവില ഉയരുന്നതിനുള്ള പ്രധാനകാരണങ്ങളാണ്. ആസിയാന്‍ രാജ്യങ്ങളുമായുള്ള ചൈനയുടെ നികുതിരഹിത സ്വതന്ത്രവ്യാപാര വ്യവസ്ഥകളും ഈ വര്‍ദ്ധനവിന് ഇടയായിട്ടുണ്ട്.

ആഭ്യന്തരവിപണിയിലിടപെടാതെ ന്യായവാദങ്ങളുയര്‍ത്തിയും പ്രതീക്ഷകള്‍ നല്‍കിയും റബര്‍ കര്‍ഷകരെ വിഢിവേഷം കെട്ടിക്കാതെ വിപണി ഇടപെടലിലൂടെ കുറഞ്ഞപക്ഷം രാജ്യാന്തരവിലയെങ്കിലും കര്‍ഷകന് ലഭ്യമാക്കുന്ന സാഹചര്യമൊരുക്കുവാന്‍ കേന്ദ്രസര്‍ക്കാരും റബര്‍ ബോര്‍ഡും തയ്യാറാകണമെന്ന് വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി, ഇന്‍ഫാം