റവ. ഏബ്രഹാം കുരുവിള അച്ചന് എബനേസര്‍ ഇടവക യാത്രയയപ്പ് നല്‍കി

12:59 pm 25/8/2016

സി.എസ് ചാക്കോ (സെക്രട്ടറി)
Newsimg1_85281249

ന്യൂയോര്‍ക്ക്: പോര്‍ട്ട്‌ചെസ്റ്ററിലുള്ള എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ന്യൂജേഴ്‌സിയിലെ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ ഉപരിപഠനത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്ന റവ ഏബ്രഹാം കുരുവിളയ്ക്കും, ആന്‍ കൊച്ചമ്മയ്ക്കും ഇടവക സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി.

ഓഗസ്റ്റ് 21-നു ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കൂടിയ മീറ്റിംഗില്‍ ഏബ്രഹാം ജേക്കബ് (വൈസ് പ്രസിഡന്റ്) അധ്യക്ഷത വഹിച്ചു. ഇടവക ക്വയറിന്റെ ആരംഭ ഗാനത്തിനുശേഷം ബഞ്ചമിന്‍ ജേക്കബ് പ്രാരംഭ പ്രാര്‍ത്ഥന നടത്തി. ഇടവകയിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് രാഹുല്‍ ജോസഫ് (സണ്‍ഡേ സ്കൂള്‍), രേഷ്മ ജോസഫ് (യൂത്ത് ഫെല്ലോഷിപ്പ്), റ്റിഷാ വര്‍ഗീസ് (യംഗ് കപ്പിള്‍ ഫെല്ലോഷിപ്പ്), സി.എസ്. ചാക്കോ (ഇടവക സെക്രട്ടറി) എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.

കഴിഞ്ഞ മൂന്നുവര്‍ഷങ്ങളായി അച്ചനില്‍ക്കൂടി ഇടവകയ്ക്ക് ലഭിച്ച സ്‌നേഹക്കൂട്ടായ്മയ്ക്കും, ഇടവകയുടെ വിവിധങ്ങളായ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് അച്ചനില്‍ നിന്നും ലഭിച്ച നേതൃത്വത്തിനും സെക്രട്ടറി നന്ദി അറിയിച്ചു. പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഉന്നത ബിരുദം കരസ്ഥമാക്കിയശേഷം ജന്മനാടായ മുംബൈയിലേക്കും, അവിടെ നിന്നും കേരളത്തിലേക്കും പോകുന്ന അച്ചന്റേയും കൊച്ചമ്മയുടേയും യാത്രയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതോടൊപ്പം, അച്ചന്റേയും കൊച്ചമ്മയുടേയും ക്രിസ്തീയ ശുശ്രൂഷയില്‍ കൂടുതലായി ദൈവകൃപ വ്യാപരിക്കട്ടെ എന്നും, കൂടുതല്‍ നന്മകളാല്‍ ദൈവം അനുഗ്രഹിക്കട്ടെ എന്നും ആശംസിച്ചു.

അച്ചനില്‍ നിന്നും ലഭിച്ച അനഗ്രഹിക്കപ്പെട്ട ദൂതുകള്‍ക്കും, അച്ചന്റെ സ്‌നേഹനിര്‍ഭരമായ സാന്നിധ്യവും നര്‍മം നിറഞ്ഞ സംഭാഷണവും കുട്ടികളും യുവാക്കളും ഒരുപോലെ ഇഷ്ടപ്പെട്ടിരുന്നുവെന്ന് ആശംസാ പ്രസംഗം നടത്തിയവര്‍ എടുത്തുപറഞ്ഞു. ആന്‍ കൊച്ചമ്മയുടെ ലാളിത്വവും, സ്‌നേഹപൂര്‍ണ്ണമായ സഹവര്‍ത്തിത്വവും ഇടവകയിലെ ആബാലവൃദ്ധം അംഗങ്ങള്‍ക്കും സന്തോഷം പകര്‍ന്നിരുന്നുവെന്നും അനുസ്മരിച്ചു.

പിന്നീട് അച്ചന്‍ നടത്തിയ മറുപടി പ്രസംഗത്തില്‍ തന്റെ മൂന്നുവര്‍ഷത്തെ പ്രിന്‍സ്റ്റണ്‍ ജീവിതത്തില്‍ നേരിടേണ്ടിവന്ന ചെറുതും വലുതുമായ പ്രതികൂലങ്ങളും പ്രതിബന്ധങ്ങളും ഇടവക ജനങ്ങളുമായി പങ്കുവെച്ചു.

2006-ല്‍ മാര്‍ത്തോമാ സഭയിലെ ഒരു പട്ടക്കാരനായി അച്ചപ്പട്ടം സ്വീകരിച്ച അച്ചന്‍ സഭയുടെ വിവിധ പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം കൊടുത്തതോടൊപ്പം, കേരളത്തിന് അകത്തും പുറത്തും വികാരിയായി സേവനം അനുഷ്ഠിച്ച കാര്യങ്ങളും അനുസ്മരിച്ചു. കഴിഞ്ഞ പത്തുവര്‍ഷത്തെ ശുശ്രൂഷയില്‍ അനുവദിച്ച ദൈവകൃപയ്ക്കായി അച്ചന്‍ ദൈവത്തിനു നന്ദി കരേറ്റുകയും ചെയ്തു.

അമേരിക്കയിലെ പഠനകാലത്ത് നേര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിനു കീഴിലുള്ള ഒട്ടുമുക്കാലും ഇഅടവകകളില്‍ സന്ദര്‍ശനം നടത്തുവാനും, വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതൊപ്പം വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍, യൂത്ത് ഫെല്ലോഷിപ്പ് മീറ്റിംഗ്‌സ് എന്നിവയ്ക്ക് നേതൃത്വം കൊടുക്കുവാന്‍ സാധിച്ച കാര്യം അച്ചന്‍ അനുസ്മരിച്ചു. എബനേസര്‍ ഇടവകയില്‍ കടന്നുചെല്ലുമ്പോള്‍ ലഭിക്കുന്ന സ്‌നേഹവായ്പയും കരുതലും അച്ചന്‍ പ്രത്യേകം എടുത്തുപറഞ്ഞു. ഇടവകയിലെ ഓരോ വ്യക്തികളോടും, കുടുംബാംഗങ്ങളോടുമുള്ള അച്ചന്റേയും കൊച്ചമ്മയുടേയും സ്‌നേഹവും കടപ്പാടും അറിയിച്ചതോടൊപ്പം ഇങ്ങനെയൊരു യാത്രയയപ്പ് സംഘടിപ്പിച്ച ഇടവകയോയും ചുമതലക്കാരോടുമുള്ള പ്രത്യേക നന്ദിയും അറിയിച്ചു.

ഇടവക ട്രസ്റ്റി ജോണ്‍ ശാമുവേല്‍ ഇടവകയുടെ സ്‌നേഹോപഹാരം അച്ചന് സമര്‍പ്പിച്ചു. ഇടവക സെക്രട്ടറി ഈ പ്രോഗ്രാം മനോഹരമാക്കിയ ക്വയര്‍ ക്വയര്‍, ആശംസാ പ്രസംഗകര്‍, ഇടവക ജനങ്ങള്‍, അതിഥികളായി എത്തിവയര്‍ എന്നിവര്‍ക്ക് ഇടവകയുടെ പേരിലുള്ള നന്ദി അറിയിച്ചു.

ക്വയറിന്റെ യാത്രാ മംഗള ഗാനത്തിനുശേഷം റവ. ഏബ്രഹാം കുരുവിള അച്ചന്റെ പ്രാര്‍ത്ഥനയോടും, ആശീര്‍വാദത്തോടും കൂടി യാത്രയയപ്പ് യോഗം സമാപിച്ചു. സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. സി.എസ്. ചാക്കോ (സെക്രട്ടറി) അറിയിച്ചതാണിത്.