റവ. ഫാ. ഏബ്രഹാം പുളിയേലില്‍ അന്തരിച്ചു

01.46 AM 09-09-2016
unnamed
പി.പി. ചെറിയാന്‍
പെരുമ്പാവൂര്‍: മുംബൈ ഭദ്രാസനം നായ്ഗാവ് സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ചര്‍ച്ച് വികാരിയും, പൗരസ്ത്യ സമാജം അംഗവുമായ റവ.ഫാ. ഏബ്രഹാം പുളിയേലില്‍ അന്തരിച്ചു. 46 വയസായിരുന്നു.
പെരുമ്പാവൂര്‍ കുറുപ്പംപടി സുലോക്ക ഇടവാംഗമായ ഫാ. ഏബ്രഹാം പുളിയേലില്‍ സെപ്റ്റംബര്‍ 6ാം തീയതി ബുധനാഴ്ച മുംബൈയില്‍ ട്രെയിന്‍ കയറുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ടാണ് അന്തരിച്ചത്. രാവിലെ എട്ടുനോമ്പാചരണത്തിന്റെ ഭാഗമായി നടക്കുന്ന കുര്‍ബാനക്ക് നേതൃത്വം നല്‍കാന്‍ മുളുണ്ട് പള്ളിയിലേക്ക് പോകുംവഴി ദാദര്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു അപകടം. ഓടി ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കാലുതെന്നി പാളത്തിലേക്ക് വീഴുകയായിരുന്നു.
25 വര്‍ഷമായി വൈദികനായ എബ്രഹാം പുളിയേലില്‍ വസായിലെ നായ്ഗാവ് സെന്റ് മേരീസ് ഇടവക വികാരിയായി ചുമതലയേറ്റത് മൂന്നു മാസം മുമ്പാണ്. ഭാര്യ: റീന, മക്കള്‍: റേബ, എലിഗിബ്, എല്‍ദോസ്.
അച്ചന്റെ അകാല നിര്യാണത്തില്‍ മുംബൈ ഭദ്രാസനം അനുശോചനം രേഖപ്പെടുത്തി. കുറുപ്പംപടി സ്വദേശിയായ അച്ചന്റെ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകും. പെരുമ്പാവൂര്‍ ബഥേല്‍ സുലുക്കോ യാക്കോബായ സിറിയന്‍ കത്തീഡ്രലിലാണ് സംസ്‌കാര ശുശ്രൂഷകള്‍ നടക്കുക.
പെരുമ്പാവൂരില്‍ സഭയുടെ കീഴിലുള്ള അനാഥാലയത്തിന്റെ ചുമതല വഹിച്ചിരുന്ന അച്ചന്‍ മൂന്നു മാസം മുമ്പാണ് മുംബൈ ഇടവകയുടെ ചുമതലയില്‍ പ്രവേശിച്ചത്.