റാംഗിംഗിനെ തുടര്‍ന്ന് മലയാളി വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍.

02:30pm 21/6/2016

download (6)
കോഴിക്കോട്: ബംഗളൂരൂ ഗുല്‍ബര്‍ഗിലെ നഴ്‌സിംഗ് കോളജില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ റാംഗിംഗിനെ തുടര്‍ന്ന് മലയാളി വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍. എടപ്പാള്‍ പുള്ളുവന്‍പടി കളരിക്കല്‍ പറമ്പില്‍ പറമ്പില്‍ ജാനകിയുടെ മകള്‍ അശ്വതി (19) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

കോളജില്‍ ഏതാനും സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ബലം പ്രയോഗിച്ച്, ബാത്ത്‌റൂം വൃത്തിയാക്കാനുപയോഗിക്കുന്ന ഫിനോള്‍ കുടിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. അവശനിലയിലായ അശ്വതി ബംഗളൂരിലെ ആശുപത്രിയില്‍ അഞ്ചു ദിവസം ചിക്തസയില്‍ കഴിഞ്ഞു. തുടര്‍ന്ന് സാധാരണ നിലയിലെത്താത്തതിനാല്‍ കോളജ് അധികൃതര്‍ ഇടപെട്ട് മറ്റൊരു കുട്ടിക്കൊപ്പം നാട്ടിലേക്കയച്ചു. എടപ്പാളിലെയും തൃശൂരിലെയും ആശുപത്രിയില്‍ ചികിത്സതേടിയെങ്കിലും നില മെച്ചപ്പെട്ടില്ല. തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയില്‍ അന്നനാളത്തിനു പൊള്ളലുണെ്ടന്ന് കണെ്ടത്തി. കഴുത്തില്‍ ദ്വാരമിട്ട് അതുവഴി ദ്രാവകരൂപത്തിലുള്ള ഭക്ഷണം നല്കിയാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.

ദളിത് കുടുംബാംഗമായ അശ്വതി അഞ്ചുമാസം മുമ്പാണ് നഴ്‌സിംഗിനു ചേര്‍ന്നത്. ക്ലാസ് ആരംഭിച്ചതു മുതല്‍ തന്നെ സീനിയര്‍ വിദ്യാര്‍ഥികള്‍ പീഡനം തുടങ്ങിയിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കുട്ടിയുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രി, പോലീസ് മേധാവി എന്നിവര്‍ക്കും ബംഗളൂരു ഡിജിപിക്കും പരാതി നല്കിയിട്ടുണ്ട്.