റിപ്പർ ജയാന്ദന്‍റെ വധശിക്ഷ റദ്ദാക്കി; ജീവിതാവസാനം വരെ തടവ്

01:37 pm 19/12/2016
download
കൊച്ചി: പുത്തന്‍വേലിക്കര കൊലപാതകക്കേസ് പ്രതി റിപ്പർ ജയാന്ദന്‍റെ വധശിക്ഷ ഹൈകോടതി റദ്ദാക്കി. പകരം ജീവിതാവസാനം വരെ തടവുശിക്ഷ വിധിച്ചു. പ്രതികൾക്ക് സാധാരണ ലഭിക്കാറുള്ള പരോൾ തുടങ്ങിയ ആനുകൂല്യങ്ങൾ അനുവദിക്കേണ്ടതില്ലെന്നും കോടതി ഉത്തരവിട്ടുണ്ട്. കവർച്ചക്കിടെ പറവൂർ സ്വദേശിനി ദേവകിയെ കൊലപ്പെടുത്തി കൈവെട്ടി മാറ്റി ആഭരണങ്ങൾ കവർന്ന കേസിലാണ് കോടതി ഉത്തരവ്.

ജീവപര്യന്തം ശിക്ഷ മാത്രം വിധിച്ചാല്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ പ്രതി ആവര്‍ത്തിക്കാന്‍ സാധ്യത പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് നേരത്തേ വധശിക്ഷക്ക് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. ഈ വിധിക്കെതിരെ പ്രതി ഹൈകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.

2006 ഒക്ടോബര്‍ 2നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പറവൂരിനടുത്തുള്ള പുത്തന്‍വേലിക്കര നെടുമ്പിള്ളി വീട്ടില്‍ രാമകൃഷ്ണന്‍റെ ഭാര്യ ദേവകി എന്ന ബേബിയെ കിടപ്പറയില്‍ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവ് രാമകൃഷ്ണനെയും ഗുരുതരമായ പരിക്കേല്‍പ്പിച്ചിരുന്നു. മാള ഇരട്ടക്കൊലക്കേസ് ഉൾപ്പെടെ ഏഴ് കൊലപാതകക്കേസുകളിലും 14 മോഷണക്കേസുകളിലും പ്രതിയാണ് റിപ്പർ ജയൻ എന്നറിയപ്പെടുന്ന ജയാനന്ദൻ.

കുറ്റകൃത്യങ്ങള്‍ ചെയ്യുമ്പോള്‍ തലക്കടിച്ച് പരിക്കേല്‍പ്പിക്കുന്നതിലാണ് ഇയാൾക്ക് റിപ്പര്‍ എന്ന പേര് ലഭിച്ചത്. തൃശൂര്‍ മാള സ്വദേശി ജയാനന്ദന്‍ ജൂണില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അതീവ സുരക്ഷയുള്ള പത്താം വാര്‍ഡില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. തമിഴ്‌നാട്ടിലെ ഊട്ടിയില്‍ നിന്ന് ഇയാളെ പോലീസ് പിന്നീട് പിടികൂടുകയായിരുന്നു.