റിയാദില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി

04:57 PM 20/09/2016
images (2)
തിരുവനന്തപുരം: സൗദി അറേബ്യയിലെ റിയാദില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പടെ 72 ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് മുഖ്യമന്ത്രി കത്തയച്ചു. റിയാദ് കിങ് അബ്ദുല്ല എക്കണോമിക് സിറ്റി പ്രോജക്ടിന് വേണ്ടി ദൂബൈയില്‍ നിന്നും എത്തിച്ചവരാണ് ഇവര്‍. കടുത്ത പ്രതിസന്ധികളെ അതിജീവിച്ച് റിയാദിലെ എക്സിറ്റ്-8ന് അടുത്തുള്ള ലേബര്‍ ക്യാമ്പില്‍ കഴിയുന്ന ഇവര്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിന് മേലെയായി ശമ്പളവും ലഭിക്കുന്നില്ല. ഇന്ത്യന്‍ എംബസിയില്‍ പരാതിപ്പെട്ടെങ്കിലും നാളിതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

ആഗസ്റ്റ് മുതല്‍ ഇവരുടെ ഇക്കാമ പുതുക്കി നല്‍കിയിട്ടില്ല. അതിനാല്‍ ലേബര്‍ ക്യാമ്പിന് വെളിയില്‍ പോകാന്‍ കഴിയുന്നില്ല. വായുസഞ്ചാരം കുറഞ്ഞ മുറിയില്‍ കഴിയുന്ന ഇവര്‍ക്ക് മതിയായ ആഹാരമോ കുടിവെള്ളമോ ലഭ്യമല്ല. സന്നദ്ധസേവകര്‍ നല്‍കുന്ന ആഹാരം കഴിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത്. തൊഴില്‍ദാതാവായിരുന്ന കമ്പനി വാടക അടയ്ക്കാത്തതിനാല്‍ ലേബര്‍ ക്യാമ്പില്‍ നിന്നുള്ള പുറത്താക്കല്‍ ഭീഷണിയും നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കുന്നു.