റീബാ മോനിക്കാ ജോണ്‍ സി.എം.എ ഓണാഘോഷം 2016 മുഖ്യാതിഥി

12.59 AM 03-09-2016
unnamed (1)
ജോയിച്ചന്‍ പുതുക്കുളം
ഷിക്കാഗോ: സെപ്റ്റംബര്‍ പത്താംതീയതി ശനിയാഴ്ച 4 മണി മുതല്‍ താഫ്റ്റ് ഹൈസ്‌കൂളില്‍ (6530 W Bryn Mawr Ave, Chicago) വച്ചു നടക്കുന്ന ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണം 2016 -ല്‍ മുഖ്യാതിഥിയായി മലയാള സിനിമയിലെ വളര്‍ന്നുവരുന്ന യുവ നായിക റീബാ മോനിക്കാ ജോണ്‍ പങ്കെടുക്കുന്നതായിരിക്കുമെന്ന് പ്രസിഡന്റ് ടോമി അംബേനാട്ടും, സെക്രട്ടറി ബിജി സി. മാണിയും, ഓണാഘോഷ കമ്മിറ്റി കോര്‍ഡിനേറ്റര്‍ സ്റ്റാന്‍ലി കളരിക്കമുറിയും അറിയിച്ചു.
അറിയപ്പെടുന്ന ഒരു മോഡല്‍കൂടിയായ റീബ മഴവില്‍ മനോരമയിലെ ‘മിടുക്കി’ എന്ന റിയാലിറ്റി ഷോയില്‍ റണ്ണര്‍അപ്പായിരുന്നു. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന സിനിമയില്‍ നിവിന്‍ പോളിയുടെ നായികയായി അഭിനയിച്ചുകൊണ്ടാണ് റീബ മലയാള സിനിമാരംഗത്തേക്ക് കാല്‍വെച്ചത്.
ഓണാഘോഷ പരിപാടികളുടെ എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. വിവിധ കമ്മിറ്റികള്‍ ആവേശപൂര്‍വ്വം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
വൈകുന്നേരം കൃത്യം 4 മണി മുതല്‍ 6 മണി വരെയായിരിക്കും ഓണസദ്യ. തുടര്‍ന്ന് സാസ്‌കാരിക ഘോഷയാത്രയും പൊതുസമ്മേളനവും നടക്കും. അതിനുശേഷം വളരെ ഉന്നത നിലവാരം പുലര്‍ത്തുന്ന കലാസന്ധ്യ അരങ്ങേറും. ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ആശംസകള്‍ അര്‍പ്പിക്കും.
അമേരിക്കയിലെ തന്നെ ഏറ്റവും അധികം ആളുകള്‍ പങ്കെടുക്കുന്ന ഈ ഓണാഘോഷ പരിപാടികളിലേക്ക് ഏവരേയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ജിമ്മി കണിയാലി അറിയിച്ചതാണിത്.