റെയില്‍വെ ടിക്കറ്റ് തട്ടിപ്പ്; ട്രാവല്‍ ഏജന്‍സി ഉടമ അറസ്റ്റില്‍

02.00 AM 08-09-2016
handcuff_760x400
കൊച്ചി: ഓണ്‍ലൈന്‍ റെയില്‍വേ ടിക്കറ്റുകളില്‍ കൃത്രിമം നടത്തി വില്‍പ്പന നടത്തിയിരുന്ന ട്രാവല്‍ ഏജന്‍സി ഉടമ എറണാകുളം ആലുവയില്‍ അറസ്റ്റില്‍. പശ്ചിമ ബംഗാല്‍ സ്വദേശി മനോജ് കുമാര്‍ മണ്ഡലിനെയാണ് റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തത്. പശ്ചിമ ബംഗാള്‍ സ്വദേശിയായ മനോജ് കുമാര്‍ മണ്ഡല്‍ എന്ന 24കാരന്‍ പെരുമ്പാവൂരില്‍ മനോജ് ട്രാവല്‍സ് എന്ന പേരിലാണ് ഏജന്‍സി നടത്തിയിരുന്നത്.
റെയില്‍വെയുടെ സൈറ്റില്‍ നിന്ന് 25 ഓളം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ചാണ് ഇയാള്‍ ടിക്കറ്റുകള്‍ തരപ്പെടുത്തിയിരുന്നത്.ദീര്‍ഘദൂര യാത്രകള്‍ക്ക് റിസര്‍വേഷന്‍ ടിക്കറ്റെന്ന പേരില്‍ സാധാരണ ടിക്കറ്റുകളാണ് ഇയാള്‍ എടത്തുനല്‍കിയിരുന്നത്. 72 സീറ്റുകളുളള കമ്പാര്‍ട്ടുമെന്റില്‍ ഇയാള്‍ അബദ്ധവശാല്‍ 75ാം നമ്പര്‍ സീറ്റ് ആണ് അടിച്ചു നല്‍കിയത്.
ഇതില്‍ സംശയം തോന്നിയ റെയില്‍വെ ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോളാണ് കള്ളക്കളി പുറത്തുവന്നത്.പിന്നീട് റെയില്‍വെ പൊലീസ് ഇയാളുടെ ഓഫീസില്‍ റെയ്ഡ് നടത്തി. ഇവിടെ നിന്ന് രണ്ട് ലക്ഷത്തോളം രൂപയും നിരവജധി ട്രയിന്‍ ടിക്കറ്റുകളും തട്ടിപ്പിനായി ഉപയോഗിച്ചിരുന്ന പ്രിന്ററുകളും പിടിച്ചെടുത്തു. പ്ലസ് ടു വരെ പടിച്ച മനോജ് നേരത്തെ ചില ട്രാവല്‍ ഏജന്‍സികളില്‍ ജോലി ചെയ്തിട്ടുണ്ട്. കേരളത്തിലെയും ബംഗാളിലെയും അക്കൗണ്ടുകളിലൂടെയാണ് പണമിടപാട് നടത്തിയിരുന്നതെന്ന് അന്വേഷണത്തില്‍ വ്യകതമായി.എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയ മനോജിനെ പിന്നീട് റിമാന്‍ഡ് ചെയ്തു.