റോണിക് x മറെ ഫൈനല്‍

08:50am 09/7/2016
download (4)
ലണ്ടന്‍: വിംബ്ള്‍ഡണ്‍ പുരുഷ സിംഗ്ള്‍സ് ഫൈനലില്‍ കാനഡയുടെ മിലോസ് റോണികും ബ്രിട്ടന്‍െറ ആന്‍ഡി മറെയും ഏറ്റുമുട്ടും. ആദ്യ സെമിയില്‍ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ റോജര്‍ ഫെഡററെ അട്ടിമറിച്ചാണ് ആറാം സീഡ് മിലോസ് റോണിക് ഫൈനലില്‍ ഇടം നേടിയത്. സ്കോര്‍: 6-3, 6-7, 4-6, 7-5, 6-3.
രണ്ടാം സെമിയില്‍ ആതിഥേയ താരം ആന്‍ഡി മറെ ചെക്ക് റിപ്പബ്ളിക്കിന്‍െറ തോമസ് ബെര്‍ഡിചിനെ വീഴ്ത്തി. സ്കോര്‍ 6-3, 6-3,….

മൂന്നാം സീഡായ ഫെഡറര്‍ നാലു വര്‍ഷത്തിനുശേഷം ആദ്യ ഗ്രാന്‍ഡ്സ്ളാം കിരീടമെന്ന മോഹവുമായാണ് തുടര്‍ച്ചയായി മൂന്നാം വര്‍ഷം സെമിയിലിറങ്ങിയത്. ക്വാര്‍ട്ടറില്‍ രണ്ടു സെറ്റിന് പിന്നില്‍ നിന്നശേഷം ഉജ്ജ്വലമായി തിരിച്ചുവന്ന് മൂന്നു സെറ്റ് ജയിച്ച് മികവുതെളിയിച്ച ഫെഡറര്‍ കുതിപ്പ് ആവര്‍ത്തിക്കുമെന്നായിരുന്നു പ്രതീക്ഷ. ആദ്യ സെറ്റ് റോണിക് പിടിച്ച ശേഷം, രണ്ടും മൂന്നും സെറ്റിലൂടെ ഫെഡറര്‍ തിരിച്ചത്തെി. പക്ഷേ, നിര്‍ണായകമായ നാലാം സെറ്റ് കൈപ്പിടിയിലൊതുക്കിയ ശേഷം കൈവിട്ടാണ് 17 ഗ്രാന്‍ഡ്സ്ളാം കിരീടമണിഞ്ഞ താരം അടിയറവുപറഞ്ഞത്. അതേസമയം, വീണിടത്തുനിന്ന് തിരിച്ചുകയറിയ റോണിക് അവസാന രണ്ടു സെറ്റ് പോരാടി ജയിച്ച് കരിയറിലെ ആദ്യ ഫൈനലില്‍ ഇടം നേടി.

ഇതാദ്യമായാണ് ഫെഡ് എക്സ്പ്രസ് വിംബ്ള്‍ഡണിന്‍െറ സെമിയില്‍ പുറത്താവുന്നത്. നാലു സെറ്റിലും നിറഞ്ഞുകളിച്ച ഫെഡറര്‍ അവസാന സെറ്റില്‍ അടിതെറ്റി നിലംപതിച്ചതോടെ കാനഡ താരത്തിന്‍െറ വിജയമുറപ്പിച്ചു. വേഗമേറിയ സെര്‍വും ഉജ്ജ്വല എയ്സുമായി കളം നിറഞ്ഞ റോണികിനു മുന്നില്‍ ഫെഡറര്‍ പലപ്പോഴും വിയര്‍ത്തു. മൂന്നാം സെറ്റില്‍ മാത്രമേ സ്വിസ് താരത്തിന് കാനഡക്കാരനുമേല്‍ അല്‍പമെങ്കിലും മുന്‍തൂക്കം നേടാനായുള്ളൂ. നിര്‍ണായക നാലാം സെറ്റില്‍ ഫെഡറര്‍ 2-1 എന്നനിലയില്‍ നില്‍ക്കെ കളി സ്വന്തമാക്കുമെന്ന് തോന്നിച്ചെങ്കിലും സെര്‍വിലൂടെ റോണിക് മുന്‍തൂക്കം നേടി. ടൈബ്രേക്കറിലേക്ക് നീങ്ങിയപ്പോള്‍ ഏഴു തവണ വിംബ്ള്‍ഡണില്‍ കിരീടമണിഞ്ഞ ഫെഡറര്‍ രണ്ടു തവണ ‘ഡബ്ള്‍ ഫാള്‍ട്ട്’ വരുത്തിയപ്പോള്‍ കാണികളും അന്ധാളിച്ചു. അതേസമയം, വിംബ്ള്‍ഡണിലെ ഇന്ത്യന്‍ പോരാട്ടം ലിയാണ്ടര്‍പേസ്-മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന്‍െറ പുറത്താവലോടെ അവസാനിച്ചു.