റോഷന്‍ ചെറി ഖത്തറിലെ ‘സ്മാര്‍ട്ട് ബില്‍ഡിങ്ങ്‌സ്’ ആര്‍ക്കിടെക്റ്റ്

04:01pm 23/4/2016

മുഹമ്മദ് ഷഫീക്ക് അറക്കല്‍
1461405299_1461405299_gu-11
ദോഹ: സ്മാര്‍ട്ടായി ജീവിക്കാന്‍ സ്മാര്‍ട്ട്ബില്‍ഡിങ്ങുകളുടെയും സ്മാര്‍ട്ട്‌ഹോമുകളുടെയും രൂപകല്പനയുമായി യുവആര്‍ക്കിടെക്റ്റ്. ഖത്തറിലെ ചെറി ദോഹ ഡിസൈന്‍ സെന്റെര്‍ സി ഇ ഒ റോഷന്‍ചെറിയാണ് സ്വയം എനര്‍ജി ഉല്‍പാദിപ്പിക്കുന്ന കെട്ടിടങ്ങളുടെയും വീടുകളുടെയും രൂപകല്പനയിലൂടെ ആര്‍ക്കിടെക്റ്റ്‌ മേഖലയിലെ പുതിയ വാഗ്ദാനമാകുന്നത്. ഖത്തറിലെ ലുസൈല്‍ പ്രോജക്ടില്‍ ഇതിനകം സ്വയം എനര്‍ജി ഉല്‍പാദിപ്പിക്കുന്ന ഹോട്ടല്‍ സമുച്ചയം രൂപകല്പനചെയ്താണ് റോഷന്‍ചെറി മികവു തെളിയിചിരികുന്നത്.ഒരു മരം പ്രകൃതിയുമായി അടുത്തുനില്‍കുന്നത് പോലെതന്നെയാണ് കെട്ടിടങ്ങളുടെയും വീടിന്റെയും ഘടനയ്ക്ക് അടിസ്ഥാനമാകേണ്ടതെന്നാണ് ഈ ‘സ്മാര്‍ട്ട്’ആര്‍ക്കിടെക്റ്റിന്റെ നിലപാട് .
ചെടികള്‍ സ്വയം പ്രകൃതിയില്‍ നിന്നും എനര്‍ജി കണ്ടെത്തുന്നപോലെ കെട്ടിടങ്ങള്‍ക്കും, വീടുകള്‍ക്കും സ്വയം എനര്‍ജി സാധ്യമാക്കുകയെന്ന നിര്‍മ്മാണരീതിയാണ് റോഷന്‍ ചെറിയുടേത്. നിര്‍മ്മാണ സ്ഥലത്തെ സൂര്യന്റെ ചലനങ്ങള്‍ നിരീക്ഷിച്ചുകൊണ്ട് വാതിലുകളുടെയും ജനലുകളുടെയും സ്ഥാനം നിര്‍ണ്ണയിക്കുന്നതോടൊപ്പം പൂര്‍ണ്ണമായും സോളാര്‍ സിസ്റ്റത്തില്‍ കംപ്യുട്ടര്‍ കണ്ട്രോളിങ്ങിലാണ് സ്മാര്‍ട്ട് ഹോമിന്റെയും,സ്മാര്‍ട്ട്ബില്‍ഡിങ്ങുകളുടെയും ക്രമീകരണം. വീടുകള്‍ക്കകത്തുതന്നെ പച്ചകറിയും ,ഫ്രൂട്ട്‌സും കൃഷിചെയ്യാവുന്ന സംവിധാനവും സ്മാര്‍ട്ട്ബില്‍ഡിങ്ങുകളിലും, സ്മാര്‍ട്ട് ഹോമിലുമുണ്ട് .പുറത്തുള്ളവര്‍ക്ക് ആസ്വദിക്കാവുന്ന തരത്തിലുള്ള രൂപകല്പനയല്ല അകത്തുള്ളവര്‍ക്ക് അനുഭവിക്കാനും ആസ്വാദ്യകരമായ എനര്‍ജെറ്റിക് ആകാനുമുള്ളതരത്തിലായിരിക്കണം വീടിന്റെയും ബില്‍ഡിങ്ങുകളുടെയും രൂപകല്പനയെന്ന് റോഷന്‍ ചെറി പറയുന്നു.
ഭക്ഷണം പാചകം ചെയ്യുക മാത്രമല്ല ഭക്ഷണം ഉല്‍പാദിപ്പിക്കുന്നസ്ഥലം കൂടിയായി വീട് മാറുമ്പോള്‍ വീട്ടില്‍ വളരുന്ന കുട്ടികള്‍ക്കും വരും തലമുറയ്ക്കും അതൊരു മാതൃകയാകുന്നതോടൊപ്പം വിഷലിപ്തമായ ആഹരരീതിയെഅകറ്റിനിര്‍ത്താനുമാകും .ഹൈഡ്രോപോനിക്‌സിസ്റ്റവും,നാനോകള്‍ച്ചറല്‍തുടങ്ങിയ രീതികളിലൂടെ കൃഷിയും സോളാറിലൂടെ ഇലക്ട്രിസിറ്റിയും ലഭ്യമാകുന്ന സ്മാര്‍ട്ട്ബില്‍ഡിങ്ങുകള്‍ വിദേശരാജ്യങ്ങളില്‍ ഏറെ സ്വീകാര്യത നേടികഴിഞ്ഞതാണ്. ആസ്‌ട്രേലിയയില്‍ നിന്നും, ആര്‍ക്കിടെക്റ്റ്രംഗത്തും എനര്‍ജി റേറ്റിംഗിലും ബിരുദം നേടിയ റോഷന്‍ചെറി ദോഹയില്‍ അറിയപെടുന്ന ആര്‍ക്കിടെക്റ്റ്‌ജോര്‍ജ് ചെറിയാന്റെ മകനാണ് .
അച്ഛന്റെ മരണശേഷം ആസ്‌ട്രേലിയയില്‍നിന്നും മടങ്ങിവന്ന് ദോഹയിലെ സ്ഥാപനത്തിന്റെ ചുമതലയേല്‍ക്കുകയായിരുന്നു .ചിലവുകുറഞ്ഞ സ്മാര്‍ട്ട് ബില്‍ഡിങ്ങുകളും ഹോമുകളും കേരളത്തില്‍ നിര്‍മ്മിക്കാന്‍ പ്രകൃതിയുടെ സാദ്ധ്യതകള്‍ ഏറെയാണെന്നും നെടുമ്പാശ്ശേരി എയര്‍പോറ്ട്ടിന്റെ സോളാര്‍ സിസ്റ്റം അതിനുദാഹരണമായി അദ്ദേഹം ചൂണ്ടികാണിക്കുന്നു.