03:52pm 23/6/2016
കൊച്ചി: ലക്ഷദ്വീപിൽ നിന്നും കൊച്ചിയിൽ ഇറങ്ങുന്ന കപ്പൽ യാത്രികർക്ക് റമസാൻ സമ്മാനമായി കെ എസ് ആർ ടി സി ലോ ഫ്ലോർ എ സി ബസ് സർവീസ് ആരംഭിച്ചു. എറണാകുളം നഗരത്തിലേക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാം എന്നതിനാൽ ദ്വീപ് നിവാസികൾക്ക് ഏറെ പ്രയോജനകരമാണ് ബസ് സർവീസ്. ദ്വീപുകാരുടെ ഏറെ നാളായുള്ള ആവശ്യം കൂടിയായിരുന്നു ഇത്തരമൊരു ബസ് സർവീസ്. മുഹമ്മദ് ഫൈസൽ എം പിയുടെ ശ്രമഫലമായി ഗതാഗത മന്ത്രി പ്രത്യേക താത്പര്യമെടുത്താണ് ബസ് സർവീസ് യാഥാർഥ്യമാക്കിയത്. ഐലൻഡിലെ എറണാകുളം വാർഫിൽ നടന്ന ചടങ്ങിൽ മുഹമ്മദ് ഫൈസൽ എം പി യും ആഡ്മിനിസ്‌ട്രേറ്റർ വിജയകുമാറും ചേർന്ന് ആദ്യ സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. ഐലൻഡിൽ നിന്നാരംഭിച്ച് എറണാകുളം ജെട്ടി സ്റ്റാൻഡ് , കലൂർ, പാലാരിവട്ടം വഴി അങ്കമാലി സർവീസാണ് ആരംഭിച്ചിരിക്കുന്നത്.
ദ്വീപ് ജനതയുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നതെന്ന് മുഹമ്മദ് ഫൈസൽ എം.പി പറഞ്ഞു. ചെറുതും വലുതുമായ ഏഴ് യാത്രാകപ്പലുകളുടെ ഇരുപത്തൊന്നോളം സർവീസുകളാണ് പ്രതിമാസം ലക്ഷദ്വീപിനും കൊച്ചിക്കും ഇടയിലായി നടക്കുന്നത്. എഴുന്നൂറ്റമ്പത് യാത്രക്കാർ വരെ കപ്പൽ ഇറങ്ങുന്ന വാർഫിൽ നിന്ന് നഗരത്തിലേക്ക് പോകാൻ ഓട്ടോറിക്ഷ മാത്രമാണ് നിലവിൽ ആശ്രയം. ഇതാകട്ടെ കൊച്ചിയിൽ എത്തുന്നതിനേക്കാൾ ചെലവേറിയതുമാണ്. അത് കൊണ്ടു തന്നെ ഒരു സർവീസ് മതിയാകില്ലെന്നും കൂടുതകൾ സർവീസിനായി ശ്രമം തുടരുമെന്നും ഫൈസൽ പറഞ്ഞു. രോഗികൾക്കും ഉപരിപഠനത്തിനായി എത്തുന്ന വിദ്യാർഥികൾ അടക്കമുള്ള ദ്വീപ് നിവാസികൾക്ക് കെ എസ് ആർ ടി സി സർവീസ് ഏറെ ആശ്വാസകരമാണെന്ന് വിജയകുമാർ പറഞ്ഞു. ഡി .ടി.ഒ ജയമോഹൻ, ടി.പി. പീതാംബരൻ മാസ്റ്റർ, അഡ്വ. അറഫ, ലിയാവുദീൻ, ജിമ്മി ജോർജ്, അബ്ദുൽ അസീസ്, സി.ടി. കുഞ്ഞുമോൻ, അഫ്സൽ കുഞ്ഞുമോൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.