ലണ്ടന്‍ മലയാളസാഹിത്യവേദിയുടെ പ്രസിദ്ധീകരണവിഭാഗം വെളിച്ചം പബ്ലിക്കേഷന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു.

06:40pm 3/4/2016
Newsimg1_16853647
ലണ്ടന്‍ : പ്രമുഖരായ എഴുത്തുകാരുടെ കൃതികളോടൊപ്പം സര്‍ഗ്ഗധനരായ പ്രവാസിഎഴുത്തുകാരുടെയും കൃതികള്‍ പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ ലണ്ടന്‍ മലയാളസാഹിത്യവേദിയുടെ പ്രസിദ്ധീകരണവിഭാഗം വെളിച്ചം പബ്ലിക്കേഷന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു.

യുകെയിലെ അറിയപ്പെടുന്ന എഴുത്തുകാരി സിസിലി ജോര്‍ജിന്റെ ചെറുകഥാസമാഹാരമായ ‘വേനല്‍മഴ’യാണ് ലണ്ടന്‍ മലയാളസാഹിത്യവേദി പ്രസിദ്ധീകരിച്ച പ്രഥമകൃതി.വേനല്‍ മഴയുടെ പ്രകാശന കര്‍മ്മം മാര്‍ച്ച് 26 ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് ലണ്ടനിലെ മാനര്‍ പാര്‍ക്കിലെ എം.എ.യുകെ ഓഡിറ്റോറിയത്തില്‍ നടന്നു. സാഹിത്യവേദികോഡിനേറ്റര്‍ റജി നന്തിക്കാട്ട്
അധ്യക്ഷതവഹിച്ച യോഗത്തില്‍ പ്രമുഖ സാഹിത്യകാരന്‍ കാരൂര്‍ സോമന്‍ കേരള ലിങ്ക് പത്രാധിപര്‍ ഫിലിപ്പ് ഏബ്രഹാമിന് വേനല്‍ മഴയുടെ കോപ്പി നല്‍കികൊണ്ട് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. യോഗത്തില്‍ കലാ സാംസ്‌കാരിക സാഹിത്യരംഗത്തെ പ്രമുഖരായ കമല മീര, മുരളി മുകുന്ദന്‍, സുഭാഷിണി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

മറുപടി പ്രസംഗത്തില്‍ സിസിലി ജോര്‍ജ്ജ്തന്റെ രചനാനുഭവങ്ങള്‍ പങ്കുവെച്ചു. പ്രകാശനകര്‍മ്മം നടത്തിക്കൊണ്ട് കാരൂര്‍സോമന്‍ നടത്തിയ പ്രസംഗത്തില്‍ ലണ്ടന്‍ മലയാളസാഹിത്യവേദിയുടെ പുതിയസംരംഭമായവെളിച്ചം പബ്ലിക്കേഷന്‍സിലൂടെ കഴിഞ്ഞ 40 വര്‍ഷമായ പ്രവാസി എഴുത്തുകാരെ ചൂഷണം ചെയ്യുന്ന ചെറുകിട പ്രസാധകരില്‍ നിന്നും എഴുത്തുകാര്‍ക്ക് മോചനം ഉണ്ടാകട്ടെ എന്നാശംസിച്ചു. ഫിലിപ്പ് ഏബ്രഹാമും സാഹിത്യവേദിയുടെ പുതിയസംരംഭത്തെ പ്രകീര്‍ത്തിച്ചു. സാഹിത്യവേദിയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക്: 07852437505