ലഹരിയില്‍ അഞ്ച് കുടുംബാംഗങ്ങളെ കൊലപ്പെടുത്തി

03:45 pm 25/8/2016

പി. പി. ചെറിയാന്‍
alabama-murder-victims
അലബാമ : പീഡനം സഹിക്കവയ്യാതെ കാമുകനില്‍ നിന്നും രക്ഷപ്പെടുന്നതിന് അഭയം തേടിയെത്തിയ കുടുംബത്തിലെ ഗര്‍ഭിണിയടക്കം അ!ഞ്ചു പേരെ കൊലപ്പെടുത്തിയ 27കാരന്‍ കാമുകന്‍ ഡെറിക് ഡിയര്‍മാനെ അലബാമ ഗ്രീന്‍ കൗണ്ടി ഷെറിഫ് അറസ്റ്റ് ചെയ്തതായി ഓഗസ്റ്റ് 22 തിങ്കളാഴ്ച ഷെറിഫ് ഓഫീസ് അറിയിച്ചു. ഓഗസ്റ്റ് 20 ശനിയാഴ്ചയായിരുന്നു ഗ്രാമത്തെ മുഴുവന്‍ നടുക്കിയ കൂട്ടക്കൊല അരങ്ങേറിയത്.

കൊല നടത്തിയത് മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നുവെന്ന് സംഭവത്തിനുശേഷം പൊലീസില്‍ കീഴടങ്ങിയ പ്രതി സമ്മതിച്ചു. എന്താണ് ചെയ്തതെന്നു പോലും ഓര്‍മ്മിക്കുവാന്‍ കഴിയുന്നില്ലെന്നും ഇപ്പോള്‍ ഖേദിക്കുന്നതായും പ്രതി മൊഴി നല്‍കിയതായി കൗണ്ടി ഷെറിഫ് വെളിപ്പെടുത്തി.

വീട്ടിലുളള അഞ്ചു പേരേയും തോക്ക് ഉള്‍പ്പെടെ വ്യത്യസ്ത ആയുധങ്ങള്‍ ഉപയോഗിച്ചു കൊലപ്പെടുത്തിയശേഷം കാമുകിയേയും മൂന്ന് മാസം പ്രായമുളള കുട്ടിയേയും ബലമായി ഇവിടെ നിന്നും കടത്തി കൊണ്ടു പോയതായും കുറേ ദൂരം സഞ്ചരിച്ചശേഷം റോഡില്‍ ഉപേക്ഷിച്ചതായും ഡെറിക് സമ്മതിച്ചു. സംഭവത്തിനു മുമ്പ് കാമുകി ഇയ്യാളില്‍ നിന്നും രക്ഷപ്പെടുവാന്‍ ശ്രമിച്ചിരുന്നു. ആറ് പേരെ കൊലപ്പെടുത്തിയ കുറ്റത്തിന് പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മെലിസ (35), ജോസഫ് ആഡം(26) ജസ്റ്റിന്‍ കാലേബ്(23) ചെല്‍സിയ (22) റോബര്‍ട്ടിലി(26) എന്നിവരാണ് കൊല്ലപ്പെട്ടത്.