ലഹരി വിരുദ്ധ പ്രചാരണത്തില്‍ സച്ചിന്‍ കേരളത്തിന്റെ ബ്രാന്‍ഡ്‌ അംബാസിഡര്‍

07:19pm 01/6/2016
download (7)
തിരുവനന്തപുരം: ലഹരി വിരുദ്ധ പ്രചാരണത്തില്‍ ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കേരളത്തിന്റെ ബ്രാന്‍ഡ്‌ അംബാസിഡറാകും. സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ്‌ മന്ത്രിമാരുമായി ഇതു സംബന്ധിച്ച്‌ സച്ചിന്‍ ചര്‍ച്ച നടത്തി. കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യം, മയക്കുമരുന്ന്‌ എന്നിവയുടെ ഉപയോഗത്തിനെതിരെയുള്ള പ്രചാരണത്തിന്റെ ഭാഗമാകാന്‍ സച്ചിനോട്‌ അഭ്യാര്‍ത്ഥിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കേരളത്തില്‍ റസിഡന്‍ഷ്യല്‍ ഫുട്‌ബോള്‍ അക്കാദമികള്‍ തുടങ്ങാനും സച്ചിന്‍ സന്നദ്ധത പ്രകടിപ്പിച്ചു. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ ഓഹരി ഉടമകളെ പ്രഖ്യാപിക്കുന്നതിനു വേണ്ടിയാണ്‌ സച്ചിന്‍ കേരളത്തിലെത്തിയത്‌.
സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച്‌ ലഹരിക്കെതിരെയുള്ള പ്രചാരണത്തില്‍ സച്ചിന്‍ കേരളത്തിന്റെ ബ്രാന്‍ഡ്‌ അംബാസിഡറാകാന്‍ സന്നദ്ധ അറിയിച്ചിട്ടുണ്ട്‌. മദ്യം, മയക്കുമരുന്ന്‌ എന്നിവയ്‌ക്കെതിരെയുള്ള സംസ്‌ഥാന സര്‍ക്കാരിന്റെ പ്രചാരപരിപാടികളില്‍ പങ്കുചേരുന്നതിനെക്കുറിച്ച്‌ സച്ചിനുമായി ചര്‍ച്ച ചെയ്‌തെന്നും അദ്ദേഹം അത്‌ സന്തോഷപൂര്‍വ്വം സ്വീകരിച്ചുവെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ഓഫീസുമായി ബന്ധപ്പെട്ട്‌ നീക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ധനമന്ത്രി ഡോ. ടി.എം തോമസ്‌ ഐസക്‌, കായിക-വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
കേരളത്തിലെ കുട്ടികളെ ഫുട്‌ബോള്‍ പരിശീലിപ്പിച്ച്‌ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്‌ ഉയര്‍ത്താനാവും ശ്രമമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി റെസിഡന്‍ഷ്യല്‍ ഫുട്‌ബോള്‍ അക്കാദമി സ്‌ഥാപിക്കാനും ചര്‍ച്ചയില്‍ തീരുമാനമായതായി മുഖ്യമന്ത്രി അറിയിച്ചു.
ഓരോ തവണ കേരളത്തില്‍ വരുമ്പോഴും ലഭിക്കുന്ന സ്വീകരണം അതിയായ സന്തോഷം നല്‍കുന്നതായി സച്ചിന്‍ പറഞ്ഞു. അന്താരാഷ്‌ട്ര നിലവാരത്തിലുള്ള കളിക്കാരെ വളര്‍ത്തിയെടുക്കുകയാണ്‌ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ ഓഹരി ഉടമകള്‍ തെലുങ്ക്‌ താരങ്ങളായ ചിരഞ്‌ജീവി, നാഗാര്‍ജുന, അല്ലു അരവിന്ദ്‌ എന്നിവരാണ്‌.