ലഹരി സിഗരറ്റുകള്‍ പിടികൂടി

08.27 PM 11-08-2016
tobacco-nicotine-cigarettes
കൊച്ചി: വിവിധതരം രുചിക്കൂട്ടുകള്‍ ചേര്‍ത്ത ഏഴു ലക്ഷത്തിന്റെ സിഗരറ്റും മറ്റ് പുകയില ഉല്‍പ്പന്നങ്ങളും എക്‌സൈസ് സംഘം പിടികൂടി. നഗരത്തില്‍ സ്ത്രീകളെയും കുട്ടികളെയും ലഹരിയിലേക്ക് ആകര്‍ഷിക്കുന്ന തരത്തിലുള്ള പായ്ക്കിങ്ങില്‍ പുകയിലയുടെ മണമില്ലാതിരിക്കാന്‍ കൃത്രിമമായി സ്‌ട്രോബറി, വാനില, ഗ്രീന്‍ ആപ്പിള്‍, മുന്തിരി എന്നിവയുടെ മണവും രുചിയും ചേര്‍ത്തായിരുന്നു സിഗരറ്റ് നിര്‍മിച്ചിരുന്നത്. വിവിധയിടങ്ങളില്‍ നിന്നായി പത്ത്‌പേരെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു.
500 കിലോയോളം സിഗരറ്റ് ഉല്‍പ്പന്നങ്ങളാണ് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എ കെ നാരായണന്‍കുട്ടിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. മുന്തിയ ഇനം വിദേശ, സ്വദേശ നിര്‍മിത സിഗരറ്റുകളും പിടിച്ചെടുത്തവയില്‍പ്പെടും. തേന്‍ ചേര്‍ത്ത പുകയില പേസ്റ്റും പിടികൂടി. ഫോര്‍ട്ട്‌കൊച്ചിയില്‍ നിന്നും മൂന്ന് കിലോയോളം പുകയില ചേര്‍ന്ന പുളിമിഠായിയും പിടിച്ചെടുത്തു. അസി. എക്‌സൈസ് കമ്മീഷണര്‍ രഞ്ജിത്, സിഐ പി എല്‍ ജോസ്, ഇന്‍സ്‌പെക്ടര്‍മാരായ പ്രശാന്ത്, കൃഷ്ണകുമാര്‍ എന്നിവരും റെയ്ഡിന് നേതൃത്വം നല്‍കി.