ലാവ്‌ലിന്‍ കേസ് ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മൂന്നാഴ്ചത്തേക്കു മാറ്റി

10.13 PM 19-05-2016
hc_0
എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനുള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതിയുടെ ഉത്തരവിനെതിരായ ഹര്‍ജി ഹൈക്കോടതി മൂന്നാഴ്ച കഴിഞ്ഞു പരിഗണിക്കാനായി മാറ്റി. ജസ്റ്റീസ് രാജവിജയരാഘവന്റെതാണ് ഉത്തരവ്. റിവിഷന്‍ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അനുമതി തേടി കോട്ടയം ഭരണങ്ങാനം പനയ്ക്കല്‍ വീട്ടില്‍ ജീവന്‍ ജേക്കബ് നല്‍കിയ ഹര്‍ജിയില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഹര്‍ജി പരിഗണിക്കവെ സിബിഐ അന്വേഷിച്ച് വിചാരണ കോടതി വിധി പറഞ്ഞ ശേഷം സമര്‍പ്പിക്കപ്പെട്ട റിവിഷന്‍ ഹര്‍ജിയില്‍ കേസുമായി ബന്ധമില്ലാത്ത വ്യക്തിക്ക് ഇടപെടുന്നതിനുള്ള പരിധി വളരെ കുറവാണെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസിന്റെ അന്വേഷണ ഘട്ടത്തിലോ, വിചാരണ വേളയിലോ തെളിവുകള്‍ സമര്‍പ്പിക്കുകയായിരുന്നു വേണ്ടതെന്നും കോടതി വാക്കാല്‍ പറഞ്ഞൂ. എന്നാല്‍ ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട സുപ്രധാന തെളിവുകളാണ് സമര്‍പ്പിക്കുന്നതെന്നും പരിഗണിക്കണമെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇത്തരം വാദം അംഗീകരിക്കാനാവില്ലെന്നും സുപ്രീംകോടതി മുമ്പ് നല്‍കിയിട്ടുള്ള ഉത്തരവുകള്‍ക്ക് വിരുദ്ധമാണ് നടപടിയെന്നും കേസില്‍ പിണറായിക്ക് വേണ്ടി ഹാജരായ അഡ്വ. എം.കെ. ദാമോദരന്‍ വാദിച്ചു. കേസിലെ അന്വേഷണ ഏജന്‍സിയായ സിബിഐക്ക് മാത്രമേ കോടതിയെ സമീപിക്കാന്‍ അവകാശമുള്ളെന്നും വാദം ഉയര്‍ന്നു. ഹര്‍ജിക്കാരന്‍ 13 വര്‍ഷമായി ലാവ്‌ലിന്‍ കേസില്‍ ഇടപെട്ടിട്ടില്ലെന്നും ഇപ്പോള്‍ കക്ഷി ചേരുന്നത് ദുരുദ്ദേശ്യത്തോടെയാണെന്നും അഡ്വ.ബി. രാമന്‍പിള്ളയുള്‍പ്പെടെയുള്ളവരും ചൂണ്ടിക്കാട്ടി. ഈ അവസരത്തിലാണ് ജീവന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം ഉന്നയിക്കുന്നതിനു എതിര്‍സത്യവാങ്മൂലം നല്‍കുന്നതിനു പിണറായി ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്ക് കോടതി അനുമതി നല്‍കിയത്. ലാവ്‌ലിന്‍ കമ്പനിയുടെ പ്രതിനിധിയായ ദിലീപ് രാഹുലനെ കേസില്‍ സിബിഐ പ്രതിയാക്കിയില്ലെന്നും ഇയാള്‍ക്കെതിരെ തെളിവു നല്‍കാന്‍ തനിക്കു കഴിയുമെന്നും വ്യക്തമാക്കിയാണ് ജീവന്‍ കക്ഷി ചേരാന്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്. ഹര്‍ജി പരിഗണിക്കവെ കേസില്‍ കക്ഷി ചേരുന്നതിനെ സംബന്ധിച്ച് സിബിഐയുടെ അഭിപ്രായം കോടതി തേടിയെങ്കിലും സിബിഐ അഭിഭാഷകന്‍ ഹാജരായിരുന്നില്ല.