11:41 AM 12/05/2016
കൊച്ചി: ആഭ്യന്തര കലാപത്തില്‍പെട്ട് ലിബിയയില്‍ കുടുങ്ങിയ മലയാളികളടക്കം 18 പേര്‍ നെടുമ്പാശേരി വിമാനത്താലളത്തിലെത്തി. രാവിലെ 8.30 ഓടെയാണ് മലയാളികളുടെ ആദ്യസംഘം എത്തിയത്. ഇതിൽ 11 പേർ കുട്ടികളാണ്. മറ്റു 11 പേരടങ്ങുന്ന സംഘം ചെന്നൈയിലെത്തും. ട്രിപളിയിൽ നിന്ന് ഇസ്താംബുൾ വഴി ദുബായിൽ എത്തിയാണ് ഇവർ കൊച്ചിയിലേക്ക് വന്നത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ളവരാണ് കൊച്ചിയിലെത്തിയ മലയാളികൾ. ട്രിപളിയിൽ കുടുങ്ങിയ ആറു മലയാളി കുടുംബങ്ങളും മൂന്നു തമിഴ് കുടുംബങ്ങളും ഉൾപ്പെടെ 29 പേരാണ് സംഘത്തിലുളളത്.
നെടുമ്പാശ്ശേരിയിലെത്തിയ മലയാളികളുടെ സംഘത്തിലെ പ്രായപൂര്‍ത്തി ആയവര്‍ക്ക് നോര്‍ക്ക 2000 രൂപവീതം ധനസഹായം നല്‍കി. വിസ കാലാവധി അവസാനിച്ചിട്ടും ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ നാട്ടിലെത്താനാവാതെ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവര്‍. ലിബിയയില്‍ നിന്ന് എത്തുന്നവരെ സ്വീകരിക്കുന്നതിനും സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി നോര്‍ക്ക റൂട്ട്‌സ് കൊച്ചി വിമാനത്താവളത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് തുറന്നിട്ടുണ്ട്.
കൃത്യമായി ആഹാരവും വെള്ളവും വെളിച്ചവുമില്ലാതെ കഴിഞ്ഞിരുന്ന ഇവര്‍ 47 ദിവസമായി ദുരിതത്തിലായിരുന്നു. കുട്ടികള്‍ക്ക് അസുഖം പിടിപെട്ടതോടെയാണ് നോര്‍ക്ക വകുപ്പിന്‍റെ സഹായം തേടിയത്. ലിബിയയിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്നവരാണ് സംഘത്തില്‍ ഏറിയ പങ്കും. മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെയും കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്‍റെയും ഇടപെടലിനെ തുടര്‍ന്നാണ് ഇവര്‍ക്ക് നാട്ടിലെത്താന്‍ വഴിതെളിഞ്ഞത്.