ലീഗ് സിറ്റി മലയാളി സമാജം ഓണാഘോഷം വന്‍ വിജയം

08:59 pm 26/9/2016

– ജീമോന്‍ റാന്നി
Newsimg1_73981009
ലീഗ് സിറ്റി: മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ നേതൃത്വത്തിലുള്ള ആദ്യ പൊന്നോണം സെപ്റ്റംബര്‍ 24 ന് ലീഗ് സിറ്റിയിലെ നൈറ്റ് ഓഫ് കൊളമ്പസ്­ (Kinght of Colombus) ഓഡിറ്റോറിയത്തില്‍വെച്ച് ആഘോഷിച്ചു. കേരളീയ വസ്ത്രം ധരിച്ച് നൂറുകണക്കിന് മലയാളികള്‍ പങ്കെടുത്ത ഓണാഘോഷ പരിപാടി പാരമ്പര്യ തനിമ നഷ്ടപ്പെടുത്താതെ ലീഗ് സിറ്റി മലയാളികള്‍ പ്രൗഢ ഗംഭീരമാക്കി.

രാവിലെ 9:30 ന് താലപ്പൊലിയുടെയും പഞ്ചവാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്രയായി വിശിഷ്ടാഥിതികളെ വേദിയിലേക്ക് ആനയിച്ചു. ഭദ്രദീപം കൊളുത്തി ഓണാഘോഷം ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് സമൂഹത്തിലെ മുതിര്‍ന്നവര്‍ അവരുടെ ബാല്യകാല ഓണത്തിന്റെ സ്മരണകള്‍ അനുസ്മരിച്ചു. അതെ തുടര്‍ന്ന് ലീഗ് സിറ്റിയിലെ മലയാളി കുരുന്നുകളും, മുതിര്‍ന്നവരും അവതരിപ്പിച്ച വിവിധ കലാരൂപങ്ങള്‍ അരങ്ങേറി.

അത്തപൂക്കളവും, മാവേലി തമ്പുരാനും, പുലികളിയും, ചെണ്ടമേളവും, നാടന്‍ പാട്ടുകളുമൊക്കെ ഗ്യഹാതുരത്വം പിടിച്ചുണര്‍ത്തുന്നതായിരുന്നു. വടം വലിയും മറ്റു വിവിധ കായിക മത്സരങ്ങളും കുട്ടികളിലും മുതിര്‍ന്നവരിലും വലിയ ആവേശമുണര്‍ത്തി. അതെ തുടര്‍ന്ന് വിവിധ മത്സരങ്ങളിലെ വിജയ്കള്‍ക്ക് സമ്മാനദാനവും നിര്‍വഹിച്ചു.

കൂടാതെ ലീഗ് സിറ്റിമലയാളികളുടെ സ്വന്തം അനുഗ്രഹീത ഗായിക രശ്മി നായരുടെ സംഗീത വിരുന്നും, കലാഭവന്‍ ജയന്റെ കോമഡി ഷോയും കാണികളുടെ മനം കവര്‍ന്നു.

വിഭവ സമൃദ്ധമായ സദ്യ എല്ലാവരും ഒരു കുടുംബം എന്ന പോലെ ആസ്വദിച്ചത് എല്ലാവരിലും സന്തോഷം ഉണര്‍ത്തി. ഓണസദ്യയില്‍ കേരളത്തിന്റെ തനതു രുചി ആസ്വദിച്ചതിനോടൊപ്പം നമ്മുടെ കുടുംബ ബന്ധങ്ങളുടെ ആഴവും ദൃഢതയും അനുഭവിച്ചറിയാനുള്ള ഒരു വേദി കൂടിയായി മാറി.

അച്ഛന്‍, അമ്മ, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ക്കൊപ്പം സന്തോഷത്തോടെ ഐശ്യര്യത്തിന്റെയും, സമൃദ്ധിയുടേയും ഓണം ആഘോഷിക്കാന്‍ അവസരം ഒരുക്കിയ സംഘാടകര്‍ക്കു ലീഗ് സിറ്റി മലയാളികള്‍ നന്ദിയര്‍പ്പിച്ചു.