ലെവി നല്‍കി പദവി മെച്ചപ്പെടുത്തുന്നതിന് സപ്പോര്‍ട്ട് നിതാഖാത് പദ്ധതി ഒക്ടോബര്‍ രണ്ടു മുതല്‍ .

08:49 am 12/9/2016

– ജയന്‍ കൊടുങ്ങല്ലൂര്‍
Newsimg1_33129393
റിയാദ് ചുവപ്പ് ,മഞ്ഞ വിഭാഗങ്ങളിലുള്ള സ്ഥാപനങ്ങള്‍ക്ക് ലെവി നല്‍കി പദവി മെച്ചപ്പെടുത്തുന്നതിന് അവസരമൊരുങ്ങുന്നു .തൊഴില്‍ ,സാമൂഹിക ,വികസന മന്ത്രാലയം ആരംഭിക്കുന്ന സപ്പോര്‍ട്ട് നിതാഖാത്ത് പദ്ധതിയിലൂടെയാണ് പദവി മെച്ചപെടുത്തുന്നതിനു സാധിക്കുക .ഒക്ടോബര്‍ രണ്ടു മുതല്‍ (മുഹറം ഒന്ന്)ഇതു പ്രാബല്യത്തില്‍ വരും . തൊഴില്‍ ,സാമൂഹിക വികസന മന്ത്രി ഡോ.മുഫരജ് അല്‍ ഹഖ്ബാനി ഇത് സംബന്ധിച്ച് ഉത്തരവിറക്കി .പുതിയ സ്ഥാപനങ്ങള്‍ക്ക് വിപുലീകരണത്തിനു ആവശ്യമായ വീസകള്‍ നേടുന്നതിനും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന്റെ മറ്റു സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും സപ്പോര്‍ട്ട് നിതാഖാത്ത് പദ്ധതി വഴി സാധിക്കും .

സൗദിവല്‍ക്കരണം പാലിക്കാത്തതിനാല്‍ നിരവധി സ്ഥാപനങ്ങളാണ് ചുവപ്പിലും മഞ്ഞയിലുമായുള്ളത്. ഈ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ഇഖാമ (താമസാനുമതി രേഖ )പുതുക്കാനോ വര്‍ക്ക്­ പെര്‍മിറ്റ്­ പുതുക്കാനോ കഴിയില്ല .ഇത് തൊഴിലാളികളെ പ്രതികൂലമായി ബാധിക്കും .ഇഖാമ കാലാവധി തീര്‍ന്നാല്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെടും . ഇതോടെ ശമ്പളം പിന്‍വലിക്കാനോ സ്വദേശങ്ങളിലേക്ക് പണമയക്കാനോ സാധിക്കില്ല .ഇഖാമ പുതുക്കാന്‍ വൈകിയാല്‍ പിഴ അടക്കേണ്ടി വരും . സുരക്ഷാ വകുപ്പുകളുടെ പിടിയിലാകാനും സാധ്യതയുണ്ട് .ഈ ബുദ്ധിമുട്ടുകളെല്ലാം കണക്കിലെടുത്താണ് ചുവപ്പ് ,മഞ്ഞ വിഭാഗങ്ങളിലുള്ള സ്ഥാപനങ്ങള്‍ക്ക് ആശ്വാസം പകരുന്ന സപ്പോര്‍ട്ട് നിതാഖാത് പദ്ധതിക്ക് മന്ത്രാലയം തുടക്കമിടുന്നത്