ലോകം ഭീകരതക്കെതിരെ ഒറ്റക്കെട്ട്; പാകിസ്താന്‍ ഒറ്റപ്പെട്ടു –ഇന്ത്യ

09:00 am 25/09/2016
images (3)
യുനൈറ്റഡ് നേഷന്‍സ്: ലോകം ഭീകരതക്കെതിരെ ഒറ്റക്കെട്ടാണെന്നും കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ ഒറ്റപ്പെട്ടതായും ഇന്ത്യ. കശ്മീര്‍ വിഷയം അന്താരാഷ്ട്രവത്കരിക്കാന്‍ ഒരു മാസത്തിലേറെയായി പാകിസ്താന്‍ നടത്തുന്ന ശ്രമങ്ങള്‍ ഫലംകണ്ടില്ളെന്നും യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു. അന്താരാഷ്ട്ര സമൂഹം ശ്രദ്ധിക്കുന്നത് ഇന്ത്യ നേരിടുന്ന തീവ്രവാദ ഭീഷണിയാണെന്നും നവാസ് ശരീഫ് തന്‍െറ പ്രസംഗത്തില്‍ ഊന്നല്‍കൊടുത്ത കശ്മീര്‍ പ്രശ്നമല്ളെന്നും അദ്ദേഹം പറഞ്ഞു. യു.എന്‍ പൊതുസഭയില്‍ ഇതുവരെ സംസാരിച്ച 131 രാജ്യങ്ങളില്‍ 130ഉം പാകിസ്താന്‍ ഉന്നയിച്ച മുഖ്യവിഷയമായ കശ്മീര്‍ പ്രശ്നം പരാമര്‍ശിച്ചില്ല. 90 ശതമാനം രാജ്യങ്ങളും ഭീകരതയാണ് മുഖ്യ ആശങ്കാവിഷയമെന്നാണ് പറഞ്ഞത്. ഭീകരത നേരിടുന്നതില്‍ അന്താരാഷ്ട്ര സമൂഹത്തില്‍നിന്ന് ഇന്ത്യക്ക് ലഭിക്കുന്ന പിന്തുണക്ക് നന്ദിയുണ്ടെന്നും അക്ബറുദ്ദീന്‍ പറഞ്ഞു.

യു.എന്‍ പൊതുസഭക്കിടെ വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍ മറ്റു രാജ്യങ്ങളുമായി നടത്തിയ ഉഭയകക്ഷി യോഗങ്ങളിലും കൂടിക്കാഴ്ചകളിലും ഇന്ത്യ ഭീകരതയുടെ ഇരയാണെന്ന പൊതു വികാരമാണ് ഉണ്ടായത്. മറ്റു രാജ്യങ്ങള്‍ ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബര്‍ 26ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പൊതുസഭയില്‍ നടത്തുന്ന പ്രസംഗം കേള്‍ക്കാന്‍ ലോകവും ഇന്ത്യ മുഴുവനും കാത്തിരിക്കുകയാണെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് കശ്മീര്‍ വിഷയം ഉന്നയിച്ച് നടത്തിയ പ്രസംഗത്തിന് തക്ക മറുപടി സുഷമയുടെ പ്രസംഗത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.